റസാനത്: മലയാളം
ഓതിപ്പഠിക്കുന്നതിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ബഹു. കൈപ്പാണി സൂപ്പി മുസ്‌ലിയാരുടെ ദര്‍സില്‍ നിന്ന് (1987-88) ബൈതു കിതാബിലെ പല കവിതകളും പഠിച്ചിരുന്നു. അറബിക്കവിതകളോട് പ്രണയമുണ്ടാകുവാന്‍ അതിലെ ചില കാവ്യങ്ങള്‍ കാരണമായിട്ടുണ്ട്. അതിലൊന്നാണ് റസാനത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ റസാനതിനൊരു വിവര്‍ത്തനമെഴുതുകയും മലയാള കാവ്യവിഷ്കാരം നടത്തുകയും ചെയ്തിരുന്നു. കയ്യെഴുത്തു പ്രതി പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയില്‍ രിസാലയില്‍ ഏല്പിച്ചിരുന്നു. പിന്നീടതു പ്രസിദ്ധീകരിച്ചില്ലെന്നും മാത്രമല്ല ആ കയ്യെഴുത്തു പ്രതി നഷ്ടമാവുകയും ചെയ്തു. ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ശ്രമം നടത്തി. പക്ഷേ മലയാളീകരിച്ച കവിത നഷ്ടപ്പെട്ടതില്‍ ഞാനേറെ ദു:ഖിച്ചു. കവിത രണ്ടാമതും തയ്യാറാക്കുക എന്നത് വലിയ സാഹസമാണ്. ഒരിക്കല്‍ ഞാന്‍ ഉസ്താദ് മമ്പീതി മുഹമ്മദ് കുട്ടി മുസ്‌ലിയാരോട് എന്റെ സങ്കടം പങ്കു വെച്ചു. അപ്പോള്‍ ഉസ്താദ് പറഞ്ഞു: നിങ്ങള്‍ പണ്ടു തന്നിരുന്ന കവിതയുടെ ഒരു കോപ്പി എന്റെ കൈവശമുണ്ട്. എന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. (ഞാന്‍ കവിതയുടെ ഒരു പ്രിന്റ് ഉസ്താദിനു കൊടുത്തിരുന്നു. അക്കാര്യം എന്നോടു മറന്നു പോയിരുന്നു). ഉസ്താദിന്റെ ശിഷ്യന്മാര്‍ ഉടന്‍ അത് മൊബൈലില്‍ പകര്‍ത്തി എനിക്ക് അയച്ചു തന്നു. താമസിയാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് എന്റെ പരിഷ്കരിച്ച പതിപ്പ് ഐ.പി.ബി തന്നെ പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ പ്രാവശ്യം അതിന്റെ ഗ്രന്ഥകര്‍ത്താവിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ചില പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതെന്തെന്നാല്‍ റസാനത് തമിഴ് കവിതകളുടെ മൊഴിമാറ്റമാകുന്നു എന്നതാണ്. കേരളത്തിലെ പണ്ഡിതന്മാരൊന്നും അങ്ങിനെ പറഞ്ഞതായി കേട്ടിരുന്നില്ല. എന്റെ അന്വേഷണം തമിഴ് നാട്ടിലെ ചില സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു.
ഇവ്വിഷയത്തില്‍ 2019- ആഗസ്തില്‍ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
തമിഴ് നാട്ടിലെ കായല് പട്ടണത്തെ മഹ്‌ളറതുല് ഖാദിരിയ്യാ അറബിക്കോളേജിലെ അധ്യാപകന് സുഹൃത്ത് ശുഐബ് അഹ്‌സനി, തിരുവനന്തപുരം സ്വദേശി ശിഹാബുദ്ദീന് മൗലവി എന്നീ രണ്ടു സുഹൃത്തുക്കളുമാണ് പ്രധാനമായും തമിഴുമായി ബന്ധപ്പെട്ട വിവരങ്ങള് കൈമാറിയത്. അവര് ഡോ. ശുഐബ് ആലിമിമുയി ബന്ധപ്പെട്ടിരുന്നു. നാല്പതു കൊല്ലം ഒമാനില് പ്രവാസിയായിരുന്ന ശിഹാബുദ്ദീന് മൗലവി തിരുവനന്തപുരത്തെ ഒരു വഫിയ്യ കോളേജിന്റെ തലവനായി ഇപ്പോള് ജോലി ചെയ്യുകയാണ്.
നൂറോളം പേജു മാത്രം വരുന്ന റസാനത് വ്യാഖ്യാനത്തിന്റെ ആമുഖം ഇങ്ങനെയാണ്:
റസാനത്: അഥവാ ‘ഉപമകളുടെ പുസ്തകം’. അറബി ഭാഷയ്ക്ക് ദക്ഷിണേന്ത്യയുടെ സമ്മാനം:
ദക്ഷിണേന്ത്യയിലെ മുസ്ലിം പണ്ഡിത സാനിദ്ധ്യം മഹത്തായ അറബി കാവ്യ പ്രപഞ്ചത്തിനു സംഭാവന ചെയ്ത അതിമനോഹരമായ സാരോപദേശ ഗീതമാണ് ‘റസാനത്’ അഥവാ ഉപമകളുടെ പുസ്തകം. ഒരുപദേശത്തിന് ഒരുപമ എന്ന രീതിയിലാണ് കവിത ക്രമപ്പെടുത്തിയിരിക്കുന്നത്. 205 ഈരടികളുള്ള ഈ കൊച്ചു കാവ്യം തമിഴ് കവിതകളുടെ അറബി ആവിഷ്‌കാരമാണെന്ന് അറിയുമ്പോഴാണ് പുഷ്‌കലമായ ഭൂതകാലത്തോട് നമുക്ക് കൂടുതല് ആദരവും അഭിമാനവും തോന്നുന്നത്.
മറ്റു പല പഴയകാല കൃതികളെയും പോലെ റസാനതിന്റെ രചയിതാവിനെ കുറിച്ചും പണ്ഡിതന്മാര്ക്കിടയില് ഏകാഭിപ്രായമില്ല. മര്ഹൂം വൈലത്തൂര് ബാവ മുസ്ലിയാര് ടിപ്പണി എഴുതി നന്നാക്കിയ ബൈത് കിതാബിന്റെ ആമുഖത്തില് റസാനതിന്റെ രചയിതാവിനെ കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു:
ഹിജ്റ വര്ഷം 1078 ല് തമിഴ്നാട്ടിലെ കായല് പട്ടണത്ത് ജനിച്ച മഹ്മൂദ് ബിന് അബ്ദുല്ഖാദിര് അല്ഖാഹിരിയാണ് റസാനതിന്റെ മുസ്വന്നിഫ്. അദ്ദേഹം ശൈഖ് സദഖതുല്ലാഹില് ഖാഹിരിയുടെ ശിഷ്യനും കൂടിയാണ്. അബൂബക്കര് സിദ്ധീഖ്(റ) ന്റെ സന്താന പരമ്പരയില് പെട്ട ശൈഖ് മഹ്മൂദ് ഹി.1167 (ഛഞ 1163)ല് ദിവംഗതനാവുകയും കായല്പട്ടണത്തു തന്നെ മറമാടപ്പെടുകയും ചെയ്തു.
റസാനതിന്റെ ഗ്രന്ഥ കര്തൃത്വത്തെ കുറിച്ച് മറ്റു മൂന്ന് അഭിപ്രായങ്ങളുമുണ്ട് എന്നും ബാവ മുസ്ലിയാര് രേഖപ്പെടുത്തുന്നുണ്ട്. അവര് ഇവരൊക്കെയാണ്:
- ഇബ്നുല് ഇമാദ് (അല് അഫവാതിന്റെ ഗ്രന്ഥകാരന്)
- സൈനുദ്ദീന് മഖ്ദൂം രണ്ടാമന്
- അബ്ദുല് ഖാദിര് അല് ഖാഹിരി
അവസാനത്തെ അഭിപ്രായം മര്ഹൂം അഹ്മദ് കോയ ശാലിയാതിയുടേതാണെന്നും ബാവ മുസ്ലിയാര് പറയുന്നു. ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം തന്റെ ഫതാവയില് രേഖപ്പെടുത്തിയതാണ് ആ വിവരം.
വിശദമായ അന്വേഷണത്തിനു ശേഷം ആദ്യത്തെ അഭിപ്രായം തന്നെയാണ് പ്രബലം എന്നു പറഞ്ഞു കൊണ്ടാണ് ബാവ മുസ്ലിയാര് തന്നെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്നാല് ഈ കാവ്യം തമിഴ് കവിതകളുടെ മൊഴിമാറ്റമാണെന്ന് ബാവ മുസ്ലിയാരോ മറ്റു കേരള പണ്ഡിതന്മാരോ പറഞ്ഞതായി ശ്രദ്ധയില് പെട്ടിട്ടില്ല. നന്നമ്പ്ര സൈതാലി മുസ്ലിയാരുടെ നന്നാക്കിയ ബൈത് കിതാബിലും അങ്ങനെ ഒരു പരാമര്ശം ഇല്ല.
സൈതാലി മുസ്ലിയാരുടെ അഭിപ്രായത്തില് റസാനത് ഇബ്‌നുല് ഇമാദിന്റേതാണ്. സദഖതുല്ലാഹില് ഖാഹിരിയുടെ ശിഷ്യന് ശൈഖ് മഹ്മൂദ് ലബ്ബയുടേതാണെന്നും മറ്റൊരഭിപ്രായത്തില് ശൈഖ് സൈനുദ്ദീന് മഖ്ദൂം തന്റെ ശിഷ്യന്മാര്ക്കു വേണ്ടി എഴുതിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ക്കുന്നു. അഹ്മദ് കോയ ശാലിയാതിയുടെ ഫത്വയുടെ കാര്യവും സെയ്താലി മുസ്ലിയാര് ഉദ്ധരിക്കുന്നുണ്ട്.
റസാനത് ഈജിപ്തുകാരനായ ഇബ്‌നുല് ഇമാദിന്റേതാകാനുള്ള സാധ്യത വളരെ കുറവാണ്. കാരണം. കാരണം അതിലെ ഉപദേശങ്ങള്ക്കും ഉപമകള്ക്കും ഒരു ദക്ഷിണേന്ത്യന് ‘ടച്ചു’ണ്ട്. വായിക്കുന്ന ആര്ക്കും മനസ്സിലാകും ഇത് ഒരറേബ്യന് സാഹചര്യത്തില് പിറന്നതല്ലെന്ന്.
ആദ്യം പറഞ്ഞ മഹ്മൂദ് ബിന് അബ്ദുല് ഖാദിര് തന്നെയാണ് ‘മഹ്മൂദ് ലബ്ബ’ എന്ന പേരില് അറിയപ്പെടുന്നത് എന്നാണു മനസ്സിലാവുന്നത്.
എന്നാല് തമിഴ്നാട്ടിലെ ചരിത്ര പണ്ഡിതന്മാര്ക്ക് ഇവ്വിഷയത്തില് വ്യത്യസ്തങ്ങളായ വീക്ഷണങ്ങളാണുള്ളത്. അവ പ്രധാനമായും രണ്ടായി തരം തിരിക്കാം.
ഒന്ന്: തമിഴ് നാട്ടിലെ ആധികാരിക മുസ്ലിം ചരിത്രകാരനായ അബ്ദുല് റഹീം തന്റെ ‘വലിമാര്കള് വരളാറ്’ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം ഭാഗത്തില് റസാനതിന്റെ രചയിതാവിനെ കുറിച്ച് രേഖപ്പെടുത്തുന്നത് ‘സ്വലാഹുദ്ദീന് ഇബ്നു സുലൈമാന്’ എന്നവരാണ് എന്നാണ്. (ഇദ്ദേഹം സദഖതുല്ലാഹില് ഖാദിരിയുടെ സഹോദരനും ശിഷ്യനുമാണ്) വ്യത്യസ്തങ്ങളായ തമിഴ് കാവ്യങ്ങളില് നിന്നും മൊഴിമാറ്റി അറബിയില് കമ്പോസ് ചെയ്തതാണ് റസാനതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഈ സ്വലാഹുദ്ദീന് തന്നെയാണ് ബൈത് കിതാബിലെ സ്വലാഹുദ്ദീന് എന്ന കാവ്യത്തിന്റെ രചയിതാവ്. ഇദ്ദേഹം ഒരു നിമിഷ കവിയും കൂടിയാണത്രെ. തിരുനെല്വേലി ജില്ലയിലെ കളക്കാടിനടുത്തുള്ള ഏര്വാടിയിലാണ് (പ്രസിദ്ധമായ കീളക്കര ഏര്വാടി അല്ല) സ്വലാഹുദ്ദീന് അന്ത്യവിശ്രമം കൊള്ളുന്നത്.
രണ്ട്: എന്നാല് ആധുനിക പണ്ഡിതനും ഗവേഷകനുമായ അഫ്ളലുല് ഉലമാ ഡോ. തൈക്കാ ശുഐബ് ആലിം അമേരിക്കയിലെ സാന് ഫ്രാന്സിസ്‌കോയിലെ കൊളംബിയ പസിഫിക് യൂണിവേഴ്‌സിറ്റിയില് സമര്പ്പിച്ച തന്റെ തീസീസില് രേഖപ്പെടുത്തുന്ന വിവരം ഇങ്ങനെയാണ്:
ക്രിസ്തു വര്ഷം ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയ്ക്ക് രചിക്കപ്പെട്ട ‘വിവേക ചിന്താമണി, മൂതുരൈ, ആറ്റിച്ചൂടി, വെട്റി വേര്കൈ, നന്നേരി, നലവഴി, തുടങ്ങിയ കാവ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സാരോപദേശ ഗീതങ്ങളും ചൊല്ലുകളും അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ അറബീകരിച്ച 205 ഈരടികള് പിന്നീട് റസാനതുല് ഇല്മ് എന്ന പേരില് പദ്യകൃതിയായി ക്രോഡീകരിക്കപ്പെട്ടു. ഇതിന്റെ മുഴുവന് ക്രെഡിറ്റും ‘ശൈഖുനാ ലബ്ബൈ കായല് പട്ടണം’ എന്ന പേരില് അറിയപ്പെടുന്ന തൈക്കാ ലബ്ബൈ ശൈഖ് അബ്ദുല് ഖാദിര് (അഒ 1240, അഉ 1824) എന്നവര്ക്കുള്ളതാണ്. തമിഴ് കവിതകളില് ഇസ്ലാമിക ആശയങ്ങള്ക്കു നിരക്കാത്തവ ഒഴിവാക്കിയാണ് മൊഴിമാറ്റം നടത്തിയതെന്നും ശുഐബ് ആലിം വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത കാവ്യം 1892 ല് തിരൂരങ്ങാടിയിലെ ആമിറുല് ഇസ്ലാം പ്രസ്സ് ആണ് പ്രിന്റു ചെയ്തത് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
(Arabic Arwi and Persian in Sarandib and Tamil Nadu / Dr. Taykka Shuayb Alim, Page 294,295)
ഡോ. ശുഐബ് ആലിമും അബ്ദുറഹീമും തമിഴ് മൂലകൃതികളിലെ ഏതാനും ശ്ലോകങ്ങള് ഉദാഹരണമായി കൊടുക്കുകയും ചെയ്യുന്നുണ്ട്. അഹ്മദ് കോയ ശാലിയാതിയുടെ ഫത്വക്ക് ശുഐബ് ആലിമിന്റെ ഗവേഷണം പിന്ബലം നല്കുന്നുണ്ട്. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില് റസാനതിന് ഏകദേശം ഇരുനൂറു വര്ഷത്തെ പഴക്കമേ ഉള്ളൂ. എന്നാല് ഭൂരിഭാഗം പണ്ഡിതന്മാരും ഇതിന് 400 വര്ഷങ്ങളുടെ പഴക്കം അവകാശപ്പെടുന്നുണ്ട്. അതായത് റസാനത് സദഖതുല്ലാഹില് ഖാദിരിയുടെ സുവര്ണ്ണ കാലഘട്ടത്തിന്റെ സംഭാവനയാണെന്ന് ചുരുക്കം.
റസാനതിന്റെ മുഴുവന് വരികളുടെയും തമിഴ് മൂലം എനിക്കു ലഭിച്ചിട്ടില്ല. ഏതെങ്കിലും തമിഴ് – അറബി ഗവേഷകന്മാര് പിന്നീട് അതു കണ്ടെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല് റസാനത് രചിച്ചത് താഴെ പറയുന്ന മൂന്നു പേരില് ഒരാളാണ്.
- മഹ്മൂദ് ലബ്ബ
- സ്വലാഹുദ്ദീന്
- അബ്ദുല് ഖാദിര് അല് ഖാഹിരി
കേട്ടുകേള്വിയില് മഹ്മൂദ് ലബ്ബയും അക്കാഡമിക് പിന്ബലം അബ്ദുല് ഖാദിര് അല് ഖാഹിരിക്കുമാണ്. അറബിക്കവിതാ ആസ്വാദകര്ക്ക് അതു സ്വലാഹുദ്ദീന്റേതാണെന്നു പറയാനാണ് കൂടുതല് ഇഷ്ടം. സത്യം അല്ലാഹുവിനു മാത്രം അറിയാം. അവന് അതിന്റെ പ്രതിഫലം കൃത്യമായി അതിന്റെ രചയിതാക്കള്ക്ക് എത്തിച്ചു കൊടുക്കും. അതു പഠിക്കുമ്പോഴും പകര്ത്തുമ്പോഴുമുള്ള പുണ്യം വായനക്കാര്ക്കും ലഭിക്കും.
ശിഹാബുദ്ദീന്‍ മൗലവി കഴിഞ്ഞ കോവിഡ് കാലത്ത് മരണപ്പെട്ടു പോയി. അല്ലാഹു അദ്ദേഹത്തിന് മഹ്ഫിറതും മര്‍ഹമതും നല്‍കട്ടെ.








