എന്റെ കവിതകള്‍
സുഹൃത്തുക്കളേ, ഇവിടെ കൊടുക്കുന്നത് എന്റെ കവിതകളാണ്. ഇപ്പോള്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അറബിക്കവിതകളുടെ കാവ്യാവിഷ്‌കാരത്തിനാണ്. ആ വഴിയില്‍ ബുര്‍ദ, ബാനത് സുആദ്, റസാനത്, മുഅല്ലഖ ഇംറുല്‍ ഖൈസ്, മുഅല്ലഖ തറഫ, മുഅല്ലഖ സുഹൈര്‍ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശൗഖിയുടെ നഹ്‌ജുല്‍ ബുര്‍ദയുടെ അവസാന മിനുക്കു പണിയിലാണീപ്പോള്‍. ഇതില്‍ ഏറ്റവുമധികം പ്രയാസം നേരിടേണ്ടി വന്നത് ബുര്‍ദാ പദ്യാവിഷ്കാരം രണ്ടു വരിയില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചപ്പോഴാണ്. ബുര്‍ദാ മൂന്നാം പതിപ്പില്‍ ലേറ്റസ്റ്റ് എഡിഷന്‍ ലഭ്യമാണ്. കഴിഞ്ഞ ആഴ്ചയും കൂടി കേക വൃത്തത്തില്‍ ചിട്ടപ്പെടുത്തിയ ആ കവിതയിലെ ചില വരികള്‍ തിരുത്തി പുതുക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം മൊഞ്ചാക്കല്‍ പ്രോസസ് അവസാനിക്കില്ല. കവിതയില്‍ വൃത്തവും പ്രാസവും പരമാവധി പാലിക്കണമെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. സ്വതന്ത്ര കവിത എന്ന പേരില്‍ വരികളില്‍ മുറിച്ചെഴുതുന്നതിനെ അനുകൂലിക്കുന്നില്ല. സ്വതന്ത്ര കവിത പല പ്രമുഖരും എഴുതിയിട്ടുണ്ട്. എന്നാല്‍ അവരെല്ലാം തന്നെ നന്നായി കവിത എഴുതാന്‍ കഴിയുന്നവരാണ്. വൃത്തത്തിലും പ്രാസത്തിലുമൊക്കെ എഴുതുന്നതെല്ലാം കവിത ആകണമെന്നില്ല എന്നതും ശരിയാണ്.
- ബാനത് സുആദ് മലയാള പദ്യാവിഷ്‌കാരം
- ഖസ്വീദതുല്‍ ബുര്‍ദ മലയാള പദ്യാവിഷ്കാരം
- റസാനത് മലയാള പദ്യാവിഷ്കാരം
- മുഅല്ലഖ: ഒന്ന് (ഇംറുഉല്‍ ഖൈസ്)
- മുഅല്ലഖ: രണ്ട് (ത്വറഫ)
- മുഅല്ലഖ: മൂന്ന് (സുഹൈര്‍)
പ്രവാസം ഒരു ദുരന്തമല്ല (കവിതാ സമാഹാരം)
2016-ല്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ ഒരു കാവ്യ സമാഹാരം തയ്യാറാക്കിയിരുന്നു. പ്രസിദ്ധീകരിക്കാന്‍ യോഗ്യമാണ് എന്നായിരുന്നു എന്റെ വിശ്വാസം എന്നാല്‍ വീണ്ടും വായിക്കുമ്പോള്‍ പോര എന്നായിരുന്നു മനസ്സു പറഞ്ഞിരുന്നത്. ഇവിടെ ആ കവിതകള്‍ കൊടുക്കുന്നു. അവസാനമായി ഒരു എഡിറ്റിംഗു കൂടി പ്രതീക്ഷിക്കാം. കാരണം അഞ്ചാറു കൊല്ലം കഴിഞ്ഞല്ലോ. ഏതു സൃഷ്ടിയിലുമുള്ള പോരായ്മകള്‍ നമുക്കു മനസ്സിലാവുക കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ്.
- പ്രവാസം ഒരു ദുരന്തമല്ല
- സമ്പന്നരെല്ലാം സംതൃപ്തരല്ല
- സൗഹൃദങ്ങളെന്നും നിലനില്‍ക്കയില്ല
- ജീവിതോപാധികൾ ശാശ്വതമല്ല
- പകരം പ്രതീക്ഷിക്കുന്നവർ മാന്യരല്ല
- പഠനത്തിനു പ്രായം പ്രശ്‌നമല്ല
- തലക്കനം ഒരു നല്ല ലക്ഷണമല്ല
- ബേങ്കുകളെല്ലാം സഹായികളല്ല
- പ്രവാസി പണം കായ്ക്കുന്ന മരമല്ല
- സോഷ്യൽ മീഡിയ എന്തും ചെയ്യാനുള്ള ലൈസൻസല്ല
| 1. പ്രവാസം ഒരു ദുരന്തമല്ല [i] | 2. സമ്പന്നരെല്ലാം സംതൃപ്തരല്ല [ii] |
| രാത്രി തന്‍ കരിമ്പടം മാറ്റിയക്കിഴക്കിന്റെ പുത്രനാം സൂര്യൻ കണ്ണു തുറന്നു നോക്കും മുമ്പേ; ദൂരെയാ ഗ്രാമത്തിലെ കിളിന്തു പയ്യന്‍ കുളി- ച്ചൊരുങ്ങിയുടുപ്പിട്ടു നിര്‍വ്വികാരനായ് നിന്നു. മരിച്ച വീടെന്ന പോൽ തരിച്ചങ്ങിരിക്കുന്നു; സ്ത്രീകളും കിടാങ്ങളുമുറക്കച്ചടവുമായ്. പുറത്തു ചാടും ദു:ഖമടക്കിനിർത്തീയച്ഛൻ പറഞ്ഞു മകനേ പോയ് വരിക നീ നിർഭയം. അമ്മയോടെന്തോ ചൊല്ലാൻ തുനിഞ്ഞ മകനെയ- ന്നുമ്മവെച്ചനുജത്തി ആശ്വസിപ്പിച്ചേ നിന്നു. തിരക്കു കൂട്ടീ മാമന്‍ ‘വണ്ടിയിങ്ങടുത്തെത്തി’ തിരിച്ചുവൊരു സംഘം താവളം കൊള്ളെ ക്ഷണം. ചെറുപ്പക്കാരനയാളരണ്ട വെളിച്ചത്തിൽ തിരിഞ്ഞു നോക്കി വണ്ടിക്കിളിവാതിലിലൂടെ. എന്നെന്നേക്കുമായ് നിന്നെ പിരിഞ്ഞു പോകുന്നു ഞാന്‍ നന്ദിയുണ്ടെന്‍ ദേശമേ, പൊറുക്കേണമെന്നോട്. തിരിച്ചു വരില്ല നിന്‍ പഴയ തോഴനിനി തിരിച്ചു വരുന്നത് വേറെയൊരാളാണല്ലോ. * * * രോമകൂപത്തിൽ രക്തം പൊടിയും ചൂടിൽ മരു- ഭൂമിയിൽ പണി ചെയ്കേ പ്രാകിയന്നയാള്‍ സ്വയം. വേലയില്ലാഞ്ഞിട്ടാണോ സ്വന്തമാമൂരും വിട്ട് വലിഞ്ഞു കേറീ വറചട്ടിയിൽ നീ വീണത്. ഏതു നേരത്തു തോന്നീയന്നു നിനക്കീ ബുദ്ധി ആധിയെന്തിന്നു നിന്നെത്തന്നെ നീ ശപിക്കുക. ഇവ്വിധമോരോ വിചാരത്തിലാത്മ ചുച്ഛത്തെ ചര്‍വ്വിത ചര്‍വ്വം ചെയ്ത് നിന്ദ്യനായ് മാറിയയാൾ. * * * ഒന്നുമേ തനിക്കിന്നു സംതൃപ്തി തരുന്നില്ല എന്നുമേ മോങ്ങാന്‍ മാത്രം ഗര്‍ദഭമാകും ചിലർ. ഉള്ളതിന്‍ മഹത്വങ്ങൾ കാണുവാന്‍ കണ്ണേയില്ല. യില്ലയെന്ന പല്ലവിയൊഴികെ അറിയില്ല. കണ്ണുകൾ തുറക്കുക, തുറന്നേ പിടിക്കുക വിണ്ണിലുണ്ടനേകം പേർ പോകുവാനിടമില്ല; ഉണ്ണുവാന്‍ വകയില്ല, മണ്ണിലുമന്നമില്ല ദെണ്ണങ്ങള്‍ വന്നാൽ ശുശ്രൂഷിക്കുവാന്‍ വഴിയില്ല. പൊണ്ണന്മാർ പരസ്പരം കൊല്ലുന്നു, തുലയുന്നു, പെണ്ണുങ്ങൾ കുഞ്ഞുങ്ങളെ കട്ടു കൊണ്ടു പോകുന്നു. ഓടുവാനിടമില്ല, ചോദിക്കുവാനാളില്ല മാടുകളുടെ കാഷ്ഠം പോലുമെടുക്കാനില്ല. ചത്തുതീരുന്നാഫ്രിക്കന്‍ നാടുകളിൽ ജന്മങ്ങൾ എത്രയാണനുദിനം കാണുന്നു നാം വാര്‍ത്തകൾ. പോര്‍ക്കളമധീശത്തിന്‍ ചിഹ്നമായ്ക്കാണും ചില ക്രൂരരാം കഴുകന്മാർ വിതച്ച കലാപത്തിൽ സർവ്വവുമേക്ഷിച്ചു ജീവനും കൊണ്ടോടുന്നു ദുർഭഗർ ചിലർ ചെന്നു കടലിൽ പതിക്കുന്നു. * * * ഇത്തരുണത്തിലെന്റെ സ്നേഹിതാ തനിക്കുണ്ട് ഉത്തമമാം ജീവിതോപാധിയെന്നറിയേണം. തികയുന്നില്ലെന്നുള്ള സങ്കടമാണോയിന്ന് ജഗത്തിലെല്ലാവര്‍ക്കുമതു താനല്ലോ പ്രശ്നം. ദുരന്തമല്ല കുഞ്ഞേ, ആര്‍ക്കുമേ പ്രവാസങ്ങൾ കരുത്തനാം വല്ലഭന്‍ പുല്ലുമായുധമാക്കും. ചിരിക്ക, സന്തോഷിക്ക, ഉള്ളിലുമിത്തീ പോലെ- യെരിയുന്നുണ്ടെങ്കിലും കാണരുതാരുമത്. വരും നല്ലൊരു കാലം സങ്കടമെല്ലാം തീരും ദുരിതവും സുഖം പോൽ ശാശ്വതമല്ലുലകിൽ. എത്രയാണുയരത്തിലെത്തിയതു നമ്മുടെ മിത്രങ്ങൾ മലനാടിൻ പുത്രന്മാർ, മിടുക്കന്മാർ. | എന്താണൈശ്വര്യമാരാണു ധനികന്മാർ ചിന്തിച്ചിട്ടുണ്ടോ സുഹൃത്തേ നീയും. സ്വന്തമായ് രമ്യഹര്‍മ്യണ്ടാകുന്നതോ വൃന്ദാവനത്തിൽ രമിക്കുന്നതോ. മുന്തിയ വാഹനം, രത്ന വ്യാപാരവും ചന്തകളും ഷോപ്പിംഗ് മാളുകളും. ജന്മദേശത്തും കൂടാതെ വിദേശത്തും വന്മതിൽ പോലെയാസ്തിയും വേണം. കമ്പനിയുടെ വരുമാനമൊരു നൂറു കോടി കവിയേണം, സിസ്സെക്കൗണ്ടും! എന്നാൽ നിനക്കു പിഴച്ചുവിക്കൂട്ടര്‍ക്ക് നന്നായുറങ്ങാന്‍ പോലുമാവില്ല. എപ്പോഴുമുത്കണ്ഠയാണവര്‍ക്കാകാശ- മിപ്പോളിടിഞ്ഞങ്ങു വീഴുന്ന പോൽ. തന്റെ പ്രതിയോഗികൾ സ്വന്തം സാമ്രാജ്യ- ത്തിന്റെ ചെങ്കോലുമായ് പോയീടുമോ?. ഗുണ്ടകളെ വിട്ട് മറ്റേക്കക്ഷി തോക്കി- ന്നുണ്ടകള്‍ പായിക്കാനെത്തീടുമോ? വക്രമാം വഴിയിലുണ്ടാക്കിയ തന്നുടെ ചക്രങ്ങള്‍ കണ്ടെത്താന്‍ വരുമോ ചിലർ. ദുര്‍ബ്ബല നിമിഷങ്ങളിൽ പങ്കു വെച്ചൊരു ദൗര്‍ബ്ബല്യമങ്ങാടിപ്പാട്ടാകുമോ? സ്വസ്ഥതയില്ല സമാധാനവും രാത്രി സുഖമായുറങ്ങാനും കഴിയുന്നില്ല. ആരേടെന്തെല്ലാം സമാധാനം പറയേണം ആരെപ്പേടിക്കേണം, സ്നേഹിക്കേണം. പിടയുന്നവരുടെ മനസ്സുകളനുദിനം വേടന്റെ കയ്യിലെക്കിളിയെപ്പോലെ * * * ദൈവത്തിനറിയാമാർക്കെന്തു കൊടുക്കേണ- മേവം കൊടുക്കേണമെത്ര വേണം. അതുപോലവൻ നൽകുമവനു ബോധിച്ചോർക്ക് അതിലെന്തിനസ്വസ്ഥരാകും നമ്മൾ! ഇനിയെല്ലാം കിട്ടിയവർക്കു തന്നെ ധനം വിനയായ് മാറുന്നതും കാണുന്നു നാം. കരകാണാ കടലിന്റെ നടുവിൽ പെടുന്നവ- നൊരു കോടി കിട്ടിയെട്ടുന്തു ഫലം? മരുഭൂമിയിൽ ദാഹിച്ചവശനായ് വീണവ- നൊരു കുന്നു സ്വർണ്ണം കൊണ്ടെന്തു ചെയ്യാൻ? കച്ചിത്തുരുമ്പാണാദ്യത്തേയാൾക്കു പ്രാണൻ ഇച്ഛിക്കും മറ്റേയാൾ ദാഹജലം. ആശിച്ചതെല്ലാം ലഭിച്ച ചിലർക്കിന്ന് ആശുപത്രിയാണു സ്വന്തം വീട്. മധുരം പാടില്ലുപ്പും എണ്ണയും വെണ്ണയും മത്സ്യവും മാംസവും തൊട്ടു കൂട. മുല്ലപ്പൂ ചൂടിയ പെണ്ണിന്റെ മുമ്പിലും പല്ലു കൊഴിഞ്ഞ സിംഹമാണമാണവര്‍. പറയൂ സുഹൃത്തേ മറ്റെല്ലാം കളഞ്ഞിട്ട് നിറയെപ്പണം വേണോ?, പിണമാകേണോ? കൊടികുത്തി വാണ മുതലാളിമാരെത്ര ചൊറികുത്തിക്കഴിയുന്നഴികൾക്കുള്ളിൽ! മൂക്കറ്റം സമ്പാദിച്ചിട്ടോടിപ്പോയന്യ ദിക്കിലൊളിക്കും കള്ളന്മാർ ചിലർ. വേണ്ടതു വേണ്ടപ്പോൾ വേണ്ടത്ര തരുവാനായ് ആണ്ടവനോടു കേൾ, നീ താൻ ധന്യൻ!! |
| 3. സൗഹൃദങ്ങളെന്നും നിലനില്‍ക്കയില്ല [iii] അതു കൊണ്ട് അപകടകരമായ രഹസ്യങ്ങൾ കൈമാറരുത് | 4. ജീവിതോപാധികൾ ശാശ്വതമല്ല [iv] |
| എത്ര മനോഹരമെത്ര സുഖ പ്രദ- മെത്ര വിചിത്രം ചങ്ങാത്തം! നൂറു ചരിത്രമുറങ്ങുന്നോരോ മർത്ത്യർക്കിടയിലെ മൈത്രികളിൽ. മൂക്കിനു മുമ്പില്‍ പ്രതിസന്ധികളുടെ തോക്കുകളുന്നം വെയ്ക്കുമ്പോൾ ദു:ഖത്തിൻ പടുകുഴിയിൽ നിന്നൊരു വക്കാലത്തിനു തിരയുമ്പോൾ വന്നൂ രക്ഷക വേഷം ചൂടി- ത്തന്നൂ സൌഹൃദമാശ്വാസം. ബന്ധുജനം കൈവെടിയുമ്പോഴും സ്വന്തക്കാരിവർ മിത്രങ്ങൾ. പണ്ടു കഴിഞ്ഞൊരു പുഷ്കല കാല- ത്തുണ്ടു വളർന്നൊരു സൌഹാർദ്ധം. വണ്ടുകൾ, പൂവുകൾ പോലെ പരസ്പര- മുണ്ടായൊരു പുതു ശൃംഗാരം. നൂറുകഴിഞ്ഞവരും നുണയുന്നൂ നാരങ്ങാ മിഠായികളായ്. ഓർമ്മകൾ പിഴുതു കളഞ്ഞാൽ പോലും ഒരു തളിരായതു പൂക്കുന്നു. * * * എവിടെ മനുഷ്യൻ ചെന്നു കരേറു- ന്നവിടെ ലഭിക്കും പുതു ബന്ധം. പഴയതിനെല്ലാം പകരം പുതുമയി- ലിഴകൾ നെയ്തണിയും നമ്മൾ. നല്ലതു, പക്ഷേ ജാഗ്രത വേണം അല്ലെങ്കിൽ പണികൾ പാളും. കഷ്ടത പേറിപ്പണിഞ്ഞതു മുഴുവന്‍ നിഷ്‌ഫലമാകും കുഴി തോണ്ടും. ചന്ദനം ചാരിയവര്‍ക്കു ലഭിക്കും സുന്ദരമാമൊരു സൗരഭ്യം. ആലയിലുടലും ചേർത്തു കഴിഞ്ഞാൽ മേലില്‍ പുരളും ചാണകവും. നിങ്ങളൊരാളുടെയാശയമറിയാന്‍ ചങ്ങാതികളെ വീക്ഷിപ്പിൻ’ ചെല്ലിയതാണതു മാനവ സംസ്കൃതി നൽകിയ പുംഗവനാം ദൂതൻ. വല്ലഭനുടയവനിരു ചെവിയറിയാ- തുള്ളിലൊതുക്കിയ കാര്യങ്ങൾ ചൊല്ലരുതൊരു മിത്രത്തോടും അതു നല്ലവൾ പാതികളെന്നാലും. നിന്റെ മനസ്സിനകത്തു കിടക്കും നിന്റെ രഹസ്യം സൂക്ഷിപ്പാൻ ഇന്നു നിനക്കു കഴിഞ്ഞില്ലെങ്കിൽ എന്നുമാതാര്‍ക്കും കഴിയില്ല. ദുർബ്ബലനിമിഷം കൊണ്ടു പകർത്തിയ ദുർവൃത്തികളുടെ ചിത്രങ്ങൾ കൈമാറരുതവ ചുട്ടുകരിക്കുക കൈമോശം വരുമഭിമാനം. കൂട്ടിനു വരുമിണ വണ്ടു കണക്കേ തൊട്ടുകളിക്കാൻ പാടില്ല തൊട്ടു കഴിഞ്ഞാലാട്ടിയകറ്റും പട്ടികൾ തൊട്ട കലം പോലെ. ശാശ്വതമല്ലൊരു ബന്ധവുമുലകിൽ ശോഷിക്കാം ദുര്‍ബ്ബല നിമിഷം ഇന്നലെയോളം കണ്ടൊരു മിത്രം ഇന്നു പൊറുക്കാം മറു പക്ഷം. എങ്കിലുമെന്‍ കണ്ണേ നീ മൂലം പങ്കിലമാകരുതേ ബന്ധം. ചങ്കു പറിച്ചു തരുന്ന രഹസ്യം പങ്കിനു വെക്കരുതൊരു കുറിയും. ആളെയളക്കും മാപിനിയൊന്നവൻ ‘പാളുന്നോ തെറി പറയുമ്പോൾ‘ ഊളത്തരമുണ്ടോ പണമേറും വേളയിലെന്നതു മറ്റൊന്ന്. | ആയ കാലത്ത് എന്തെങ്കിലും സമ്പാദിക്കുക പാരിൽ ചിലർ കൊതിക്കുന്നതെല്ലാം ചാരെയെത്തും അർദ്ധ നിമിഷങ്ങളിൽ. ഇന്നലെയോളം ഞെരിഞ്ഞമര്‍ന്നോർ ഇന്നു ചിറകില്‍ പറ പറക്കും. എന്നല്ലതു പോൽ ലഭിച്ചതെല്ലാം മിന്നി മറഞ്ഞു പോം സ്വപ്നമാകും. ഒന്നുമേ ശാശ്വതമല്ല ഭൂവിൽ എന്നറിയും പുരുഷോത്തമന്മാർ. സർഗ്ഗപ്രഭാവാൻ പ്രവാസി ശ്രേഷ്ഠാ, ദുർഘട മാർഗ്ഗേ സമർത്ഥ ഗാമീ നിർഗ്ഗളിക്കും ദയാ വാരിധേ നീ ഓര്‍ക്കേണമിന്നൊരു പരമ സത്യം. ശേഷിക്കയില്ല നിന്നാരോഗ്യവും ശാശ്വതമല്ലയിസ്സൌഭാഗ്യവും ആയ കാലത്തൊരു വാഴ നട്ടാൽ ‘പോയ’ കാലത്തു കുലയറുക്കാം. ഉല്പാദനം തരും സമ്പാദ്യമേ സൽക്കർമ്മമായ് വരൂ സഞ്ചയത്തിൽ. തല്ക്കാലമാണേതു സൌകര്യവും കാമധേനുവല്ലയന്യ ദേശം. തൊട്ടടുത്ത വീട്ടുകാരനേക്കാൾ കിട്ടണം ശ്രദ്ധയെന്നുള്ള ചിന്ത കൊണ്ടു പോയ് തള്ളിയിടും കടത്തിൻ കുണ്ടില്‍ നിന്നെച്ചണ്ടിയെന്ന പോലെ. ആശാസ്യമല്ലെന്നുമാഗ്രഹങ്ങൾ ആവശ്യവുമതു പോൽ വിനകൾ വേണ്ടതത്യാവശ്യമുള്ളതു താൻ കണ്ടു പഠിക്കണം നിന്റെ മക്കൾ. എത്രയാണെന്നതു പ്രശ്നമല്ല എത്രയായാലും കുഴപ്പമില്ല കയ്യിൽ വരുന്നതിൽ നിന്നു സ്വല്പം കരുതലായ് നാം നീക്കിവെച്ചിടേണം. വിത്തിനു വെക്കേണ്ട ധാന്യമെല്ലാം കുത്തരിയാക്കി നാം കഞ്ഞിവെച്ചാൽ എന്തെടുത്തു നാളെ നാം വിതയ്ക്കും എന്തു നൽകി മക്കളെയുറക്കും? അർക്കനെ മേതിനി പുണരുന്ന പോൽ ([v]) ദുർല്ലഭമായ് ലഭിക്കും സുഖങ്ങൾ വർജ്ജിക്കണമെന്നതല്ല ചൊന്നേൻ ശ്രദ്ധിക്കണം മിതം കാട്ടിടേണം. ബസ്സിനെത്താവുന്ന നാട്ടിലേക്ക് മിസ്സെന്തിനു ടാക്സി കൂട്ടിയെന്ന് മിസ്സടിക്കുന്നേരമൊന്നു കേൾക്കാൻ മിസ്റ്റർ ഭർത്താവു തുനിഞ്ഞിടേണം. തുട്ടുകൾക്കുള്ള വിലകളെന്ത് കുട്ടികളെയുമുണർത്തിടേണം അത്തിരു നാമ്പുകൾ നിഷ്കളങ്കർ മൂത്തു പോയാൽ വളയാതിരിക്കും. തുച്ഛമാണെങ്കിലും കരുതി വെപ്പ് മെച്ഛമായ്ത്തീരും നിനക്കു നാളെ തുള്ളികളായ് പെയ്ത മാരിയല്ലേ വെള്ളമാലാഴി നിറയ്ച്ചു വെപ്പൂ. |
| 5. പകരം പ്രതീക്ഷിക്കുന്നവർ മാന്യരല്ല [vi] | 6. പഠനത്തിനു പ്രായം പ്രശ്‌നമല്ല [vii] |
| തുച്ഛമെന്തോവരും നക്കാ പിച്ചകൾ കൊടുത്തതിന് എച്ചിലുകൾ മോഹിക്കുന്നു അധമർ ചിലർ. പുച്ഛമാണു ജനങ്ങൾക്കാ കക്ഷികളോടെന്നറിഞ്ഞാൽ നിശ്ചയം നാമുപേക്ഷിക്കു- മപ്പതിവുകള്‍. പ്രാർത്ഥന പോലും പകര- മാഗ്രഹിക്കരുതെന്നാണ് കീർത്തിപ്പെട്ട പണ്ഡിതന്മാർ അരുളുന്നത്. മോശമല്ലേ സുഹൃത്തേ നീ ആശയോടെയപരന്റെ കീശയിലിട്ടതു തിരി- ച്ചെടുക്കും വേല. ‘ഭോഷന’ല്ലാതെന്തു പേരീ- ടുമാശവം തീനികള്‍ക്ക് വാശി പിടിക്കുന്നു ശർദ്ദിൽ പിന്നെയും തിന്നാൻ. ധർമ്മം കൊടുത്താളുകളെ വരുതിയിലാക്കാം പക്ഷേ കർമ്മമെടുത്തു പറഞ്ഞാൽ പുണ്യം നിഷ്ഫലം. കഷ്ടപ്പെട്ടു വിസയൊന്നു നേടി നൽകി വേലയും നീ ഇഷ്ടക്കേടു കാട്ടി പിന്നെ ചാർച്ചക്കാരൊരാൾ; എങ്കിൽ പോലും ക.മായെന്ന് ചങ്കിൽ കൊള്ളും സ്വരത്തിൽ നീ പങ്കുവെക്കൊല്ലാരോടും കേൾ നാണക്കേടല്ലേ! ഇന്നേ വരേ നീയീമണ്ണിൽ നന്നായാസ്വദിച്ചതൊക്കെ അന്നേ വിതച്ചതല്ല,തു പഴയ പുണ്യം!. പ്രത്യുപകാരം ചെയ്യാത്ത കൃത്യം മോശം കർമ്മം തന്നെ നന്ദികേടെന്നു ചൊന്നാലോ വേറൊരു പാപം. വലതു കൈ ചെയ്യുന്നത് ഇടതറിയരുതെന്ന് വലിയവർ പ്രവാചകർ പറഞ്ഞു സത്യം! | കുഞ്ഞായിരുന്ന നാൾ തൊട്ടു തുടങ്ങിയ ജിജ്ഞാസയെ നീ കെടുത്തിക്കളയൊല്ല. വിജ്ഞാന സമ്പാദനത്തിനു പ്രായമി- ല്ലജ്ഞനോ ജീവിച്ചിരിക്കിലും മൃതമാണ്. എന്തു മധുരം രുചിച്ചു നോക്കൂ സഖേ ചിന്തകൾ പൊട്ടി മുളയ്ക്കുന്ന വായന. പുസ്തകത്തിൽ നോക്കുവാൻ നേരമില്ലെങ്കി- ലസ്വസ്ഥനാകേണ്ട; കേട്ടു പഠിക്കുക. എത്രയാണിന്നു സൌകര്യം ശ്രവിക്കുവാൻ മിത്രമായ് തീർന്നിരിക്കുന്ന ‘ശകട’ങ്ങൾ യു.എസ്.ബിയുണ്ട്, മൊബൈലും തുടകളി- ലായാസമന്യേ കിടക്കുന്ന യന്ത്രവും. നെറ്റിൽ തിരയുക, ഡൌൺലോഡു ചെയ്യുക പറ്റിയ പുസ്തകം സ്വന്തമാക്കീടുക. വണ്ടികളുള്ളവർക്കുണ്ടു സൌകര്യവും നീണ്ട സമയവും, ഭാഗ്യവാന്മാർ! ആസ്വദിച്ചീടാം സുഹൃത്തേ സുദീർഘമാം വാസവും, യാത്രയും തേൻ തുള്ളി പോൽ. ദു:ഖമകറ്റാം മടുപ്പു മാറ്റാം തരി- ശൊക്കെയും ജീവന്റെ കൃഷിയിറക്കാം. ഏറ്റവും നല്ല സുഹൃത്താണു പുസ്തകം മാറ്റിപ്പിടിക്കിൻ, പരീക്ഷിച്ചറിയുവിൻ. കൂട്ടായി നിൻ കൈക്കുടന്നയിലെപ്പൊഴു- മിട്ടു പരിചരിക്കേണമീ മിത്രത്തെ. നിന്റെ ദു:ഖങ്ങൾക്കു പരിഹാരമാകുന്നു നിന്റെ കൂടെപ്പിറപ്പാകുന്ന താളുകൾ. പങ്കുവെയ്ക്കാം നിന്റെ സ്വപ്നങ്ങളവരുമായ് ശങ്കവേണ്ടായതു നിന്നെച്ചതിക്കില്ല. എല്ലാം മടുക്കും വിരസമായ്ത്തീർന്നിടും എന്തും കുറേയേറേയാസ്വദിക്കേ. എന്നാലൊരിക്കലും മടിവരുത്തിന്നില്ല മന്നിടത്തിൽ വിദ്യ, നേടുമാനന്ദവും എത്രമേൽ മ്ലേച്ഛമാണജ്ഞത,യതിനാലെ ശത്രുവിൻ മുമ്പിലും ഭൃത്യനായ് മാറിടും. ശൂദ്രനാണെങ്കിലും നീ വിദ്യ നേടുകിൽ ശ്രദ്ധിച്ചിടും നിന്നെ ലോകം മുഴുക്കെയും. പാടവമുണ്ടെങ്കിലോ നിൻ പ്രതിഫലം കൂടും, ലഭിച്ചിടും സൌകര്യവുമിനി മൂഢനാണെങ്കിലോ നിസ്സഹായൻ നിന്റെ യുടമയു, മപ്പൊഴും നീയല്ലയോ പ്രതി. വ്യാകുല ചിത്തനായ് കാലം കഴിക്കാതെ ആകുന്ന രീതിയിൽ കണ്ടു പഠിക്കുക നേടിയവർക്കുള്ള കാല്പാടുകളനു- ധാവനം ചെയ്യുക, വിജയം വരിക്കുക. |
| 7. തലക്കനം ഒരു നല്ല ലക്ഷണമല്ല [viii] | 8. ബേങ്കുകളെല്ലാം സഹായികളല്ല [ix] |
| കാര്യ സാധ്യത്തിന്നായേതു കാലുകൾ പിടിക്കുവാനും തീരെ മടി തോന്നീടാത്ത മലയാളി ബ്രോ… കാര്യം നേടിക്കഴിഞ്ഞാൽ നീ കൂരായണയെന്നു ചൊല്ലാന്‍ കാരണമെന്താണെന്നൊന്നു പറഞ്ഞിടാമോ? മണിയടിച്ചൊരു നല്ല നിലയിലങ്ങെത്തിയാലോ പണികൊടുക്കുന്നു പാലു കൊടുത്ത കൈയ്ക്ക് പാരിൽ പാരിൽ പെരിയൊരു പൊസിഷൻ വന്നണഞ്ഞാലും പാര സ്വന്തം പര്യായമായ് എടുത്തണിയും. തനതന്തത്തരികിട തകര്‍ത്താടും നിന്റെ വേല താനും തന്റെ ഭാര്യയും തട്ടാനും മതിയോ? ഉലകിൽ നീ സകലവും ജയിച്ചടക്കുന്നേരവും ചില ഫീൽഡിൽ നിന്റെ മാർക്ക് വലിയ സീറോ.(zero) ഏറെപ്പഴം തൂങ്ങുന്നേരം ശിഖരങ്ങൾ നിലത്തേയ്ക്ക് ഏറിയേറിക്കുനിയുന്ന കഴ്ച കണ്ടില്ലേ? അതുമാതിരിയാകേണം സ്ഥാനമാനം കൂടുന്നേരം ഗതിയില്ലാത്തോർക്കപ്പോൾ നീ തുണയാകേണം. ഭയം കൊണ്ടു ബഹുമാനിക്കുന്നതല്ല ബഹുമതി സ്വയമുള്ളിൽ നിന്നുള്ളൊരു ഉറവയല്ലോ. അതു കിട്ടാൻ പുണ്യം ചെയ്യേണമെന്നാരു പറഞ്ഞാലും അതിയാൻ താനല്ലോ യോഗി, നമസ്കരിക്കൂ. | മോന്ത മിനുക്കിക്കോതിയൊതുക്കി- ച്ചന്തികുലുക്കി നടന്നു വരുന്നൊരു സുന്ദരിമാരെക്കരുതിയിരിക്കുക ദേവതയല്ലവർ, താടകമാർ. തേനിൽ മുക്കിയ നാവിൽ നിന്നും തോന്നിയതൊക്കെയുതിർന്നതു കാൺകേ താനെ മയങ്ങീ വീഴുന്നു നാം ധനമെല്ലാമവർ ചോരുന്നു. ഉള്ള ധനം കക്കുന്നവരെ നാം കള്ളൻ കള്ളൻ എന്നു വിളിക്കും നാളേക്കുള്ളതു പോലും കവരും കള്ളികളോ അതു ബേങ്കുകളും. നിയമത്തിന്റെ കരത്തിൽ നിന്നും പയ്യെത്തെന്നിത്തെന്നിയകന്ന് കൊയ്യും തലകൾ ക്രെഡിറ്റും കാർഡും വായ്പയുമാകിന വാളുകൾ കൊണ്ട്. അഞ്ചു കടക്കാർഡുണ്ടെന്നാകിൽ അഞ്ചക്കം ശമ്പളമുള്ളവനും ആയിരമുലുവകളുള്ളവനെ പോൽ ആവുകയില്ല ജീവിക്കാൻ. മോഹന വാഗ്ദാനങ്ങൾ തന്നു മോഹിപ്പിക്കും ബാങ്കുകളൊന്നും ഊഹിക്കരുത് സഹായികളെന്ന് സ്നേഹിതരേ കേൾ ജാഗ്രത വേണം. അഴിഞ്ഞു വീഴും മൂടികളെല്ലാം അഴികളിലാകും ജീവിതമന്ത്യം. വഴിയാധാരം കൊണ്ടു കുടുംബം കഴിയേണ്ടി വരും ശിഷ്ടം കാലം. വട്ടിപ്പലിശക്കാരുടെ കയ്യിൽ പെട്ടാൽ ജീവിതമൊരു കാലത്തും പച്ചപ്പിടിക്കല്ലവർ വെട്ടുക്കിളി പച്ചകളെല്ലാം തിന്നു മുടിക്കും. മദ്യം, ലഹരി, മയക്കു മരുന്നും മദിരാക്ഷികളും പോലെത്തന്നെ സമ്പത്തിന്നിടപാടു നടത്തും കൊമ്പന്മാരും മുടിയന്മാർ. ജാഗ്രത വേണം കണ്ണെത്താമിട- മാഗ്രഹമെല്ലാം ഹോമിച്ചീടിന ദുർഗ്രഹ പാഠമെളുപ്പം ‘പുരി’യും വർഗ്ഗസ്നേഹികൾ പരദേശികളേ |
| 9. പ്രവാസി പണം കായ്ക്കുന്ന മരമല്ല | 10. സോഷ്യൽ മീഡിയ എന്തും ചെയ്യാനുള്ള ലൈസൻസല്ല |
| എത്ര നിറഞ്ഞോരകിടാകിലും പ്രിയേ നിർത്താതെയൂറ്റിക്കറന്നാൽ നിണം വരും. ഏതു വണ്ടിക്കാളയാകിലും ചുമടുക- ളധികമായാൽ നുകം തഴ്ന്നു കമഴ്ന്നിടും. ചോദിച്ചിടുന്നതെല്ലാം ലഭിക്കേ ചിലർ ചിന്തിച്ചിടാം കല്പതരുവോ പ്രവാസികൾ. തങ്ങളുണ്ടില്ലെങ്കിലും കുടുംബങ്ങളെ ഭംഗിയിലൂട്ടുന്നവർ പരദേശികൾ. സ്വന്തമുടുക്കാതിരിക്കിലുമന്യരെ സുന്ദരമായ് വസ്ത്രമണിയിച്ചിടുന്നിവർ. എവിടെയുറങ്ങുന്നു, ഇവരെന്തു തിന്നുന്നു ഏവമൊരാൾക്കുമില്ലുൾക്കണ്ഠകൾ. സർവ്വസജ്ജീകരണങ്ങളൊരിക്കിയ സ്വന്തം ഗൃഹത്തിന്റെയാൽബമെടുത്തിട്ട് മാറോടു ചേത്തു കിടന്നു, സ്വപ്നങ്ങളി- ലാറാടിടും ഹതഭാഗ്യരാണേയിവർ. നൂറു നാവുണ്ടേയിവർക്കവർ തന്നുടെ യേറെ നാളത്തെയധ്വാനങ്ങളെന്തെന്തു- നേട്ടങ്ങളുണ്ടാക്കിയെന്നുമവരുടെ കുട്ടികളെന്തുനേടിയെന്നുമോതുവാൻ. നിശ്ശബ്ദരാകുന്ന,വർ തന്റെ യൌവ്വനം ശുഷ്കിച്ചതെന്തെന്നു കേൾക്കുന്ന വേളയിൽ ഓർക്കുവാൻ വയ്യ പഴം പുരാണം എന്ന്, വാർക്കുന്നു കണ്ണുനീർ നഷ്ട സ്വർഗ്ഗങ്ങളിൽ. * * * സൌജന്യമൊന്നുമേ നിങ്ങൾ കൊടുക്കേണ്ട സൌകര്യമൊക്കേയൊരുക്കുമവർ സ്വയം. ഔദാര്യമൊരു നിലയ്ക്കും സാധ്യമല്ലെന്ന ഹേതുവിലല്ല്ലയോ നാടവർ വിട്ടത്? അവകാശമെന്തെങ്കിലും ഗതികേടിനാ- ലവരാഗ്രഹിക്കുന്നുവെങ്കിൽ മുടക്കാതെ- യവ നൽകുവാൻ കനിവുണ്ടാകണം മറി- ച്ചവഗണിക്കരുതേ, അവരും മനുഷ്യർ താൻ. കഴിയുന്ന നേരമേ പിഴിയാൻ നമുക്കിന്നു കഴിയുകയുള്ളുവെന്നറിയുന്ന കശ്മലർ കഴിവിന്റെ പരമാവധി ചൂഷണം ചെയ്തു കഴിയുന്നു വീണ്ടും കൊഴുക്കുന്നു നിത്യവും. വഴിയേതുമില്ലാതെ വേഴാമ്പലായിവർ മഴയെ പ്രതീക്ഷിച്ചു കാത്തു കഴിയുന്നു. വാഴുന്നവർ പെരുച്ചാഴികൾ മടകളിൽ കോഴയും സേവിച്ചു സുഖമായുറങ്ങുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുവാ- നാവും വിധം കഠിന പ്രയത്‌നം ചെയ്ത് ഓടിത്തളരുന്നവർ ഇവരൊക്കെയും കോടീശ്വരർ അല്ല തൊണ്ണൂറ്റിയൊമ്പതും. കൂരയില്ലാ, തരച്ചാണ്‍ വയര്‍ നിറയാതെ- യൊരു പാടു പേര്‍ ഭൂതലത്തില്‍ വസിക്കവേ പട്ടിണിയില്ലാതെയന്തി മയങ്ങുന്നു നാട്ടിലിവർ മൂലമെത്ര കുടുംബങ്ങൾ! കേരളത്തെ ഗൾഫു നാടാക്കി മാറ്റുവാന്‍ ആളുകള്‍ ഗള്‍ഫിലെപ്പോലെ വന്നെത്തുവാന്‍ മാളുകള്‍, താവളം, കോപ്ലക്‌സു പണിയുവാന്‍ നാളുകളെത്ര ചുരുക്കി ചരിത്ര താൾ. അറിയണം ധൂർത്തിന്റെ നീരാളി ഹസ്തത്തി- ലറിയാതെ പെട്ട കുടുംബവും നമ്മളും തീരാതറുത്തെടുക്കാൻ കഴിയും കല്പ- തരുവല്ലൊരിക്കലുമിപ്രവാസി. | എന്തൊക്കെയായിരുന്നവകാശ വാദങ്ങൾ പന്തു പോലുലകിനെ കയ്യിലാക്കാമെന്ന് ചന്തമുള്ളൊറ്റക്കുടുംബമാകാമെന്ന് സ്വന്തമായ് തട്ടകം പണിതെടുക്കാമെന്ന് ബന്ധുമിത്രാദി ബന്ധളൂട്ടാമെന്ന് സാന്ത്വനങ്ങൾ നേടി ധന്യരാകാമെന്ന് ചിന്തകൾക്കായിരം ചിറകു തീർക്കാമെന്ന് ചന്തപോൽ ബിസിനസ്സു പൊടി പൊടിക്കാമെന്ന്; എന്നിട്ടു കാണുന്നതെന്താണു നാമിന്ന് അന്തവും കുന്തവുമില്ല്ലാത്ത തലമുറ സ്വന്തമായോരോ തുരുത്തുകൾ തീർത്തിട്ട് ബുദ്ധിഭ്രമം സംഭവിച്ചതു മാതിരി കുന്തിച്ചിരിക്കുന്നു ഊറിച്ചിരിക്കുന്നു എന്താണു ചുറ്റും നടക്കുന്നതറിയില്ല. മുമ്പു സുഹൃത്തുക്കളൊപ്പമിരുന്നിട്ട് ഇമ്പമാൽ പങ്കു വെക്കുന്നു സൌഹാർദ്ധങ്ങൾ തമ്മിൽ കൈമാറും സുഖങ്ങ,ളാശങ്കകൾ നന്മകൾ പൂക്കുന്ന നല്ല തമാശകൾ ഇന്നവയൊക്കെപ്പഴംകഥ സ്മാർട്ടു ഫോൺ വന്നതിൽ പിന്നെയെല്ലാവർക്കുമതു മതി. ശൃംഗരിക്കുന്നൂവതിൽ നിത്യവും, സ്വയം ഭോഗവും ചെയ്യുന്നും നിർവൃതിയടയുന്നു. മുമ്പിലിരിക്കുന്ന മിത്രങ്ങളേക്കാളു- മൻപ്, കണ്ണെത്താത്ത പരദേശിയോടല്ലോ. ലൈക്കിനും ഷെയറിനും നാണമന്യേ കെഞ്ചി ലീക്കായൊലിക്കുന്നു മാന്യമാം വ്യക്തിത്വം. ആയിരം ലൈക്കിനാൽ കഞ്ഞികൾ വേവുമോ നൂറു ഷെയർ കൊണ്ട് വാടക വീടുമോ? കേൾക്കുന്ന നേരത്ത് വാനരൻ തൻ ‘വ്രഷണ കേളി’ പോൽ ഫോണിൽ തുരുതുരേ മാന്തുന്നു. വിലമതിച്ചീടാത്ത സമയങ്ങളെത്രയീ വിലയുള്ള ഫോണുകൾ തിന്നു മുടിക്കുന്നു. നിലയറിഞ്ഞീടാത്ത യൌവ്വനം പാഴിൽ തുലയ്ക്കുന്നമൂല്യമാം ജീവിതം നിത്യവും. ഒരു പരൽ മീനിനെക്കിട്ടുവാനായൊരാൾ ഒരു തടാകം ജലം വറ്റിച്ചു തീർക്കണോ. ആ നേരമെത്ര നേട്ടങ്ങൾ നമുക്കായ് വിനഷ്ടമാകുന്നെന്നു ചിന്തിച്ചു നോക്കുവിൻ. അന്യന്റെ ദു:ഖങ്ങളാസ്വദിച്ചീടുന്ന വന്യമാം പ്രവണത വന്നു പെട്ടു നമ്മിൽ. ആക്സിഡെന്റും ദുരന്തങ്ങളും പിന്നെയും റീവൈന്റു ചെയ്തു നാം കാണുന്നിടക്കിടെ. പരസഹായം ലഭിക്കുന്നു ചിലർക്കിന്ന് പരിഹാരമാണു സർഗ്ഗ പ്രയാസത്തിന് ശരിയാണു പക്ഷേ വിദൂരമാം വ്യക്തിയോ അരികിലെ ബന്ധുവോ കൂടുതലർഹത. കാളപെറ്റെന്നു കേട്ടാൽ കയറുമായെത്തു- മാളുകളാണിന്ന് വലയുടെ ലോകത്ത് കിംവദന്തി കാട്ടുതീ പോൽ പടരുന്ന ആവാസ ഭൂമിയാണിന്നു സൈബർ തടം. ആർക്കുമാരേയുമാവും വിധം ക്രൂരമായ് ആക്രമിക്കാനുള്ള വേദിയായ് മാറിയീ സാമൂഹ്യ മാധ്യമം, കണ്ടാലറയ്ക്കുന്ന ക്രിമിനലുകളാധിപത്യം പുലർത്തുന്നതിൽ. ആടിനെപ്പട്ടിയാക്കാനുമപ്പട്ടിയെ പേപ്പട്ടിയാക്കീയടിയടിച്ചു കൊല്ലാനുമീ- മാധ്യമങ്ങൾക്കുള്ള സാമർത്ഥ്യമല്ലയോ ശുദ്ധ മതേതരത്വം തകർത്തീടുന്നു. അന്യന്റെ ഫോൺ വിളി പോലും പകർത്തുവാ- നനുവാദമില്ലാത്ത ദേശത്തു വന്നു നാം തോന്നിയ പോല്‍ വേലി ചാടിക്കടക്കുകില്‍ ചെന്നു ചേരാം കാരിരുമ്പിന്നഴിക്കുള്ളില്‍. ‘ഫ്രീഡമോഫെക്സ്പ്രസ്സ്’ നല്ലൊരു വാക്കാണ്. ഫ്രണ്ട്സിന്റെ മാനവുമതു പോലെ വലുതാണ്. കൺഫ്യൂഷനെന്തിന് കണ്ണാടിയൊന്നു തൻ ഫെയ്സിലേക്കായിത്തിരിച്ചു വെച്ചീടുവീൻ. ആരാന്റെയമ്മയ്ക്കു ഭ്രാന്തു പിടിക്കവേ ഊറിച്ചിരിക്കുവാനോടിയെത്തുന്നവര്‍ സ്വന്തം കുടുംബത്തിനിതു പോല്‍ ഭവിക്കുകി- ലെന്തായിരിക്കും മനോഗതി, ഓര്‍ക്കുവിന്‍!. (Sept. 2016) |
| i വൃത്തം: കേക ii വൃത്തം: എഴുത്തച്ഛന്റെ കിളിപ്പാട്ട് iii വൈലോപ്പിള്ളിയുടെ പന്തങ്ങളുടെ വരികൾ മനസ്സിൽ മൂളുക iv വൈലോപ്പിള്ളിയുടെ തന്നെ കാക്കയെ ഓർക്കുക (കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ… സൂര്യപ്രാകാശത്തിനുറ്റ തോഴി ) v അർക്കനെ മേതിനി(ഭൂമിയെ സൂര്യന്‍) പുണരുന്നത് വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ്. അതു പോലെ ചുരുക്കമായി ഉണ്ടാകുന്നതാണല്ലോ പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്രകള്‍ vi വൃത്തം: തിരുവാതിരപ്പാട്ട് (ഇടശ്ശേരിയുടെ കുറുമ്പിപ്പശുവിനെ ഓർക്കുക) Vii വൃത്തം: രണ്ടായിരത്തോളമാണ്ടുകൾക്കപ്പുറ ത്തുണ്ടായൊരു മഹാ ത്യാഗത്തിയിപ്പോഴും മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു- മേക മുഖമാം കുരിശിനെ മുത്തുവാന്‍. (ഓ.എന്‍.വിയുടെ വരികള്‍) Viii വൃത്തം: വഞ്ചിപ്പാട്ട് ix വൃത്തം: തുള്ളൽ |
പാംസുസ്‌നാനം : അര്‍ത്ഥങ്ങളോടു കൂടി
ലോകഗുരു നബിതിരുമേനിയെ കുറിച്ച് മഹാകവി വള്ളത്തോളെഴുതിയ അതിമനോഹര കാവ്യമാണ് പാംസു സ്നാനം. പല സുഹൃത്തുക്കളും ആവശ്യപ്പെട്ടതനുസരിച്ച് മുമ്പ് ഞാനെഴുതിയ വിശദീകരണത്തോടൊപ്പം കവിത വായിച്ചാലും
| പാംസുസ്‌നാനം – വള്ളത്തോള്‍ | |
| ‘ഹാ കണ്ടതില്‍ക്കണ്ടതലീശ്വരത്വം കല്‍പിച്ചു കല്‍പിച്ചു നടന്നൊടുക്കം നിരീശ്വരത്വത്തിലടിഞ്ഞുവീണു; നിരസ്ത വിശ്വാസരറേബിയക്കാര്‍![1] കുറുമ്പുമാറാത്ത കുറൈഷിവര്യ- ര്‍ക്കോതിക്കൊടുത്തേന്‍[2] പലവട്ടവും ഞാന്‍: ‘ഈ നിങ്ങള്‍ കൂപ്പും മരമല്ല, കല്ല- ല്ല,ള്ളാവു സര്‍വാതിശക്തനേകന്‍.’ ഇവര്‍ക്കിരുട്ടേ പ്രിയമിത്രമൂതി- ക്കെടുക്കയായ്, കൈത്തിരികൊണ്ടുചെന്നാല്‍; മിന്നാമിനുങ്ങിന്‍ ചെറുതാം വെളിച്ചം പോലും സഹിക്കാത്ത തമസ്സിതേതോ![3] കലാവിശേഷം കൊലയിബ്ബലോഗ്ര- ര്‍ക്കിത്തൃഡ്വശന്മാര്‍ക്കെരികള്ളിളംപോല്‍;[4] പിശാചര്‍ വംശ്വേരരിക്കുഭക്ത-[5] ര്‍ക്കി, തില്‍ക്കവിഞ്ഞെന്തവിവേകമുള്ളൂ? കഷ്ടാവമാനങ്ങളില്‍ വീഴ്തിടുന്നൂ[6] കാമാതിരേകാല്‍ക്കുലനാരിമാരേ;[7] ആരാധ്യമാരാമവരമ്മപെങ്ങ- ന്മാരെന്നു കാണ്‍മാനിവര്‍ കണ്‍മിഴിക്കാ![8] മൃഗോപമന്മാര്‍[9] പെരുമക്കൃഷിക്കു നുകങ്ങള്‍ വെപ്പൂ, നരര്‍തന്‍ കഴുത്തില്‍,[10] സഗര്‍ഭ്യരെച്ചെന്നടിമക്കുടുക്കി-[11] ട്ടങ്ങോട്ടുമിങ്ങോട്ടുമിഴച്ചിടുന്നൂ. സൗധങ്ങള്‍തോറും സമസൃഷ്ടദുഃഖ- ക്കണ്ണീരുകൊണ്ടേ പനിനീരൊഴുക്കീ, അനേകദുര്‍വൃത്തികളെപ്പുണര്‍ന്നു രമിക്കയാണി, സ്സുഖലോലുപന്മാര്‍![12] അശക്തമാമെന്നുടെ ഹസ്തമെങ്ങീ- യധഃസ്ഥിതോദ്ധാരണകൃത്യമെങ്ങോ? ചളിക്കകത്താഴുമൊരാനയെപ്പോയ്- പ്പിടിച്ചു കേറ്റാന്‍ കുഴിയാന താനോ! കരുത്തനമ്മാമനു, മാത്മനാഥ[13] കദീജയും കീര്‍ത്ത്യവശേഷരായ്‌പ്പോയ്;[14] ഞാനേകനെ,ന്‍ ചുറ്റുമൊരെട്ടുപത്ത- ല്ലെ, ന്‍ചോരയില്‍ത്തൃഷ്ണ വളര്‍ന്ന ഖഡ്ഗം!’[15] ഇതൊക്കെയാവാം നിനവാ, യിരത്തി- മുന്നൂറുകൊല്ലത്തിനു മുമ്പൊരിക്കല്‍, മെക്കായിലെക്കൈവഴിയൊന്നിലൂടേ നടന്നുപോകും നബിതന്‍ മനസ്സില്‍. ‘കില്ലില്ല,[16] ഞാനെന്നുടെ ചോരകൊണ്ടു- മിദ്ധര്‍മ്മസസ്യത്തെ നനച്ചുനോക്കും;’ ആ മാതൃകാകര്‍ഷകനായ കൃസ്തു- വവ്വണ്ണമല്ലോ ഭുവി ചെയ്തു കാട്ടീ.[17] അധൈര്യമേ, നിന്‍കെടുമഞ്ഞു വീഴാ- യ്ക,[18] ഹമ്മദിന്‍ സജ്വരമായ[19] നെഞ്ചില്‍; ചന്ദ്രാര്‍ക്കരെക്കെകളില്‍[20] വെച്ചുതന്നാല്‍- പ്പോലും നിറുത്തില്ല, വനിപ്രയത്‌നം! ഇത്തീര്‍പ്പു[21] പേര്‍ത്തും[22] മുറുകീ, മഹാന്റെ പാഴ്‌ചൊല്ലു തീണ്ടാത്ത ശുഭാധരത്തില്‍[23] ഓരോ പരിക്ലേശവുമീദൃശന്മാ-[24] ര്‍ക്കുച്ചൈര്‍ഗ്ഗതിക്കുള്ള ചവുട്ടുകല്ലാം.[25] പെട്ടെന്നു പാര്‍ശ്വങ്ങളില്‍നിന്നു ഹാ, ഹാ- മണ്‍ കോരിയിട്ടാര്‍ ചില മുഷ്‌കരന്മാര്‍,[26] കൃതജ്ഞരെങ്കില്‍, ക്കനകാഭിഷേകം[27] ചെയ്യേണ്ടതാമീഗ്ഗുരുവിന്‍ ശിരസ്സില്‍! രജസ്തമോദോഷമകറ്റി[28] നാട്ടില്‍- സ്സത്ത്വം[29] പരത്തുന്നൊരു സത്യവാനേ, രജസ്സു[30] വര്‍ഷിച്ചു നിറംകെടുത്താ- നൊരുങ്ങിപോല്‍, മര്‍ത്ത്യകുലേ[31] പിറന്നോര്‍! മറ്റെന്തു, മന്നിന്‍നിഴല്‍ പൂകി ചന്ദ്രന്‍;[32] പാഴ്മഞ്ഞിനാല്‍ പ്രാവൃതമായ് പ്രഭാതം;[33] മിഥ്യാപവാദതത്തില്‍ മറഞ്ഞു സത്യ-[34] മവിദ്യതന്‍ മൂടലിലായ് വിബോധം![35] വിജ്ഞാനഗര്‍ഭം തിരുമൗലി തൊട്ടു സന്മാര്‍ഗസഞ്ചാരി പദംവരെയ്ക്കും[36] പാംസൂല്‍ക്കരം പറ്റിയ[37] ശുദ്ധിമാനെ- പ്പാര്‍ത്തങ്ങു[38] തെമ്മാടികള്‍ കൂക്കിയാര്‍ത്തൂ: ‘അയ്യയ്യ, മണ്‍കൊണ്ടഭിഷിക്തനായി-[39] ക്കഴിഞ്ഞുവല്ലോ, മതസാര്‍വ്വഭൗമന്‍;[40] മുഴക്കുവിന്‍ ഹേ ജയശബ്ദമെങ്ങും; വാഴട്ടെ, യിസ്ലാംതിരുമേനി നീണാള്‍! അന്നീ നരസ്‌നേഹി നമസ്‌കരിച്ചു കിടന്നപോത,[41] ത്തിരുവങ്കഴുത്തില്‍[42] ഒരൊട്ടകത്തിന്‍ കുടല്‍മാല ചാര്‍ത്തി- പ്പാനേ ലഭിച്ചുള്ളു നമുക്കു ഭാഗ്യം! മദോന്നതം, മറ്റൊരു യേശുവാമീ മതാധിരാജന്റെയുമുത്തമാംഗം[43] ശ്രീമുള്‍ക്കിരീടാര്‍പ്പണയോഗ്യമല്ലോ; കര്‍ത്തവ്യകര്‍മങ്ങളില്‍ മന്ദര്‍ നമ്മള്‍!’[44] ഈദ്ധൂളികൊണ്ടോ കളിയാക്കല്‍കൊണ്ടോ മുഖാഭ മങ്ങാതെയഭംഗസത്ത്വന്‍,[45] മണ്ണില്‍ക്കുളിച്ചോരു ഗജം[46] കണക്കേ മന്ദം നടന്നാത്മഗൃഹത്തിലെത്തീ.[47] ആ മൂര്‍ദ്ധപാദം[48] പൊടിമണ്‍പുരണ്ട പിതാവിനെക്കണ്ടതിവെമ്പലോടെ[49] താന്‍താന്‍ കുളിപ്പിപ്പതിനായ് മുതിര്‍ന്നൂ തണ്ണീര്‍ക്കുടംകൊണ്ട, ഴലാണ്ട പുത്രീ:[50] പിടിച്ചിരുത്തിച്ചളി പോക്കുവാനായ്- പ്പകര്‍ന്ന കുംഭോദകമോടുകൂടീ,[51] താതന്റെ ഗാത്രങ്ങളിലാപതിച്ചൂ,[52] കുമാരിയാള്‍ തന്‍ ചുടുകണ്ണീരും. മാലാര്‍ന്നു[53] കേഴും മകളെത്തലോടി- ക്കൊണ്ടാശ്വസിപ്പിച്ചു സുശാന്തശീലന്‍;[54] ‘നിന്നച്ഛനെക്കാത്തരുളാതിരിക്കി- ല്ലള്ളാവു; പാഴില്‍ക്കരയായ്ക[55] കുഞ്ഞേ!’ * * * This is not based on any academic documents of the Vallathol’s works. I got this poem from internet and unauthorized old printed matter and from my memory. If anyone know the real reference or find any mistakes in the text please let me know: mammoottykattayad@gmail.com [1] നിരസ്ത: നിരസിക്കപ്പെട്ട, നശിപ്പിക്കപ്പെട്ട (നിരസ്ത വിശ്വാസര്‍: അവിശ്വാസികള്‍) [2] ഓതിക്കൊടുത്തേന്‍: ഓതിക്കൊടുത്തു ഞാന്‍ [3] തമസ്സ്: ഇരുട്ട് [4] തൃഡ്വശന്‍: ദാഹമുള്ളവന്‍ [5] അരി: ശത്രു. വംശേരരി: വര്‍ഗ്ഗശത്രു [6] അവമാനം: അപമാനം, നിന്ദ [7] അതിരേകം: കവിയല്‍, ആധിക്യം. കാമാതിരേകം: അധികരിച്ച കാമം [8] കുലനാരി: നല്ലകുലത്തില്‍ ജനിച്ച സ്‌ത്രീ, ഉന്നതകുലജാതയും പതിവ്രതയും ആയ സ്‌ത്രീ, കുലസ്‌ത്രീ [9] മൃഗോപമന്മാര്‍: മൃഗതുല്യര്‍ [10] പെരുമക്കൃഷിക്കു: പ്രശസ്തി എന്ന കൃഷിക്കായി മനുഷ്യന്റെ കഴുത്തില്‍ നുകം വെക്കുന്നു. (അടിമപ്പണി എടുപ്പിക്കുന്നു) [11] സഗര്‍ഭന്‍: സഹോദരന്‍ [12] രമിക്കുക: കളിക്കുക, സന്തോഷിക്കുക [13] ആത്മ നാഥ: പ്രിയപ്പെട്ട ഭാര്യ [14] കീര്‍ത്ത്യവശേഷരായ്‌പ്പോയ്: പ്രശസ്തി ബാക്കി വെച്ച് മരിച്ചു പോയി [15] ചോരയില്‍ത്തൃഷ്ണ വളര്‍ന്ന ഖഡ്ഗം: ചോര കൊതിക്കുന്ന വാള്‍ [16] കില്ല്: സംശയം, ക്ലേശം [17] അവ്വണ്ണം: അതുപോലെ, അപ്രകാരം [18] അധൈര്യമേ നിന്‍കെടുമഞ്ഞു വീഴായ്ക: ഭയമേ നീ നിന്റെ മഞ്ഞു വീഴ്ത്തരുത് [19] സജ്വര: ചൂടുള്ള, ചൂടുപിടിച്ച [20] ചന്ദ്രാര്‍ക്കരെ: ചന്ദ്രനെയും സൂര്യനെയും [21] ഇത്തീര്‍പ്പ്: ഈ പ്രതിജ്ഞ [22] പേര്‍ത്തും: വീണ്ടും വീണ്ടും [23] പാഴ്‌ചൊല്ലു തീണ്ടാത്ത ശുഭാധരം: കളവു തൊട്ടുതീണ്ടാത്ത ഭാഗ്യമുള്ള ചുണ്ട് [24] പരിക്ലേശം: കടുത്തക്ലേശം, വലിയവേദന, ഈ ദൃശന്മാര്‍: ഇതു പോലെയുള്ള ആളുകള്‍ [25] ഉച്ചൈഃ: ഉച്ചത്തില്‍, ഉറക്കെ, ഉച്ചൈര്‍ഗതി: പുരോഗതി [26] മുഷ്കരന്‍: മുട്ടാളന്‍, വഞ്ചകന്‍ [27] കൃതജ്ഞരെങ്കില്‍: നന്ദിയുള്ളവരെങ്കില്‍, കനകാഭിഷേകം: പൊന്നുകൊണ്ട് പൊതിയുക [28] രജസ്തമോദോഷമകറ്റി: രജസ്സ് (കുറ്റം, പാപം) തമം (ഇരുട്ട്) എന്നീ ദോഷങ്ങള്‍ തീര്‍ത്ത് [29] സത്വം: ത്രിഗുണങ്ങളില്‍ ആദ്യത്തേത്, വസ്തു (സത്വം, രജസ്സ്, തമസ്സ് എന്നിവയാണ് ത്രിഗുണങ്ങള്‍) [30] രജസ്സ്: രജോഗുണം (വികാരപരത), കുറ്റം, പാപം [31] മര്‍ത്ത്യകുലേ: മനുഷ്യ വര്‍ഗ്ഗത്തില്‍ [32] മന്ന്: ഭൂമി [33] പ്രാവൃത: മറയ്ക്കപ്പെട്ട, ചുറ്റപ്പെട്ട, മൂടപ്പെട്ട [34] മിഥ്യാപവാദം: അടിസ്ഥാനമില്ലാത്ത് ആരോപണം. [35] അവിദ്യ: അജ്ഞാനം, വിബോധം: ജ്ഞാനം, ഉണര്‍വ് [36] തിരുമൗലി: ശിരസ്സ്, പദം: കാല്‍, കാല്‍ച്ചുവട്, പാദം (തലതൊട്ടു കാല്‍ വരേ / ശരീരം മുഴുവന്‍) [37] പാംസു: പൊടിമണ്ണ്, ഉത്കരം: മേലോട്ടെറിഞ്ഞ, ഉയര്‍ത്തിയ. പാംസുല്‍ക്കരം പറ്റിയ: പൊടിമണ്ണ് വാരിയെറിഞ്ഞ [38] പാര്‍ക്കുക: കാണുക, നോക്കുക [39] അഭിഷിക്ത: അഭിഷേകം ചെയ്യപ്പെട്ട, തളിക്കപ്പെട്ട [40] സര്‍വ: പൂര്‍ണമായ, എല്ലാം ഉള്‍പ്പെട്ട, ഭൗമന്‍: “ഭൂമിയില്‍നിന്നു പുത്രനായി ജനിച്ചവന്‍” മതസാര്വ്വ ഭൗമന്‍: മതങ്ങളിലെ സമ്പൂര്‍ണ്ണ മനുഷ്യന്‍ [41] പോത്: പൊഴുത് (നേരം) [42] തിരു: ഐശ്വര്യമുള്ള, പുണ്യമുള്ള (വന്‍ കഴുത്ത്: ഐശ്വര്യമുള്ള വലിയ കഴുത്തില്‍) [43] മതാധിരാജന്റെയുമുത്തമാംഗം: ആ മത നേതാവിന്റെയും ഉത്തമ അവയവം [44] മന്ദര്‍: മൂഡര്‍, അല്പബുദ്ധികള്‍ (കര്‍ത്തവ്യകര്‍മങ്ങളില്‍ മന്ദര്‍ നമ്മള്‍: കര്‍ത്തവ്യങ്ങള്‍ വീഴ്ച വരുത്തിയവര്‍ നമ്മള്‍) [45] ധൂളി: പൊടി (മണ്ണ്), മുഖാഭ: മുഖത്തിന്റെ ശോഭ, അഭംഗ: നാശമില്ലാത്ത, സത്വന്‍: സത്വഗുണമുള്ളവന്‍ [46] ഗജം: ആന [47] ആത്മ ഗൃഹം: സ്വന്തം വീട് [48] ആ മൂര്‍ദ്ധപാദം: തലതൊട്ടു കാല്‍ വരെ [49] വെമ്പല്‍: ഭയം, സംഭ്രമം [50] അഴല്‍: വ്യസനം, ദു:ഖം (അഴലാണ്ട പുത്രി: ദു:ഖിതനായ മകള്‍) [51] കുംഭോദകം: വെള്ളം നിറച്ച കുടം (കുംഭം: കുടം) [52] താതന്റെ ഗാത്രം: പിതാവിന്റെ ശരീരം [53] മാല്‍: ദു:ഖം, ആര്‍ന്ന: നിറഞ്ഞ, വര്‍ദ്ധിച്ച [54] സു: പൂര്‍ണമായ, ഭംഗിയുള്ള, നല്ല (സു+ശാന്തശീലന്‍=സുശാന്തശീലന്‍) [55] പാഴില്‍: വെറുതെ (പാഴില്‍ കരയായ്ക: വെറുതെ കരയരുത്) On Tue, 8 Oct 2019 at 12:48, | |