പഞ്ച തന്ത്രം കഥകള്‍; കലീല വദിംനയും (മലയാളം)
എന്റെ കൃതികളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് “പഞ്ചതന്ത്രം കഥകള്‍; കലീല വദിംനയും” എന്ന പുസ്തകം. ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത് ലിപി ബുക്സാണ്. അതു റിലീസ് ചെയ്തത് 2018-ല്‍ ഷാര്‍ജാ ബുക് ഫെയറില്‍ വെച്ചായിരുന്നു. റിലീസിനോടനുബന്ധിച്ച് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റും ചിത്രങ്ങളും ഇവിടെ കാണാം (https://www.facebook.com/search/top?q=പഞ്ച തന്ത്രം)
സാഹചര്യം:
അറബി വിവര്‍ത്തകനായ എനിക്ക് പഞ്ചതന്ത്രത്തോട് താല്പര്യമുണ്ടാകാനുള്ള പ്രധാന കാരണം പഞ്ചതന്ത്രവും അറബി ഭാഷയുമായുള്ള പ്രത്യേക ബന്ധം തന്നെയാണ്. 1300 വര്‍ഷങ്ങള്‍ക്കു മുമ്പ് പേര്‍ഷ്യ വഴി ഇറാഖിലെത്തിയ പഞ്ച തന്ത്രത്തിന്റെ അറബി വേര്‍ഷനായ കലീല വദിംന ഇന്നും അറബ് ലോകത്ത് ബെസ്റ്റ് സെല്ലറാണ്. അറബി സാഹിത്യം ആഴത്തില്‍ പഠിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഈ കൃതിയെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. തൊണ്ണൂറിന്റെ അവസാനത്തില്‍ റിയാദില്‍ ജോലി ചെയ്യുമ്പോഴാണ് കലീല വദിംനയുടെ അറബി പതിപ്പ് വാങ്ങി പഠനം തുടങ്ങിയത്. തുടക്കക്കാര്‍ക്ക് വളരെ പ്രയാസം നേരിടുന്ന ഒരു കൃതിയാണ് കലീല വദിംന. പ്രധാനമായും അതിന്റെ കടു കട്ടിയായ ഭാഷ തന്നെയാണ് പ്രശ്നം.
