0%
Still working...

Nahj Al Burda Class: Preface

ആമുഖം:

അഹ്‌മദ് ശൗഖി അലി അഹ്‌മദ് ശൗഖി ബേക്:

1868  ഒക്‌ടോബര്‍ 16-ന്‌ ഈജിപ്തിലെ കെയ്‌റോയില്‍ ജനിച്ചു. പിതാമഹന്‍ കുര്‍‌ദ് വംശജനും മാതാവിന്റെ പിതാമഹന്‍ തുര്‍ക്കി വംശജനുമാണ്. വല്ല്യുമ്മ ഈജിപ്തിലെ അല്‍ ഖു‌ദൈവി കൊട്ടാരത്തിലെ പരിചാരികയായിരുന്നു. അവരുടെ ശിക്ഷണത്തില്‍ കൊട്ടാരത്തില്‍ വളര്‍ന്ന ശൗഖി മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. അതു കൊണ്ടെല്ലാം സമ്പന്നമായ ഒരു ബാല്യകാല ജീവിതം ശൗഖിക്കു ലഭിച്ചു.

നാലാം വയസ്സില്‍ ശൈഖ് സ്വാലിഹിന്റെ പാഠശാലയില്‍ എഴുത്തിനിരുത്തി. 1885-ല്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ശേഷം നിയമ പഠനത്തിനു ചേര്‍ന്നു. കൂടെ ഫ്രഞ്ചു ഭാഷാ വിവര്‍ത്തനവും അഭ്യസിച്ചു. പഠന കാലത്തു തന്നെ ഹുസൈന്‍ അല്‍ മര്‍സ്വഫീ, ശൈഖ് ഹഫ്‌നീ നാസിഫ്, ശൈഖ് മുഹമ്മദ് അല്‍ ബസ്‌യൂനി അല്‍ ബൈബാനി എന്നീ പണ്ഡിതന്മാരുടെ കീഴില്‍ അറബീ സാഹിത്യവും അഭ്യസിച്ചു. കോഴ്സ് കഴിഞ്ഞ ശേഷം നിയമ പഠനം തുടരാനായി രാജാവ് അല്‍ ഖു‌ദൈവീ തൗഫീഖ് ശൗഖിയെ ഫ്രാന്‍സിലേക്ക് പറഞ്ഞയച്ചു. പിന്നീടുള്ള നാലു വര്‍ഷം പാരീസ്, മോണ്ട്പില്ല്യര്‍ നഗരങ്ങളില്‍ ചിലവഴിച്ചു. അത് ശൗഖിയുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. അവിടെ നിന്നും ഫ്രഞ്ചു സാഹിത്യങ്ങളുമായും ഫ്രഞ്ച് എഴുത്തുകാരുമായും അടുത്തിടപഴകി

അറബി സാഹിത്യത്തില്‍ അദ്ദേഹത്തിനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അബൂ നവാസ്, ബുഹ്തുരി, മുതനബ്ബി, അബൂ തമാം തുടങ്ങിയ വ്യഖ്യാത അറബി കവികളുടെ കൃതികള്‍ ധാരാളം വായിച്ചു. കൂടാതെ കര്‍മ്മ ശാസ്ത്രത്തിലും ഹദീസ് ശാസ്ത്രത്തിലുമുള്ള ഗ്രന്ഥങ്ങളും പഠിച്ചു.

സ്വന്തം കുടുംബത്തില്‍ നിന്നും തുര്‍ക്കി ഭാഷയെയും അടുത്തറിഞ്ഞു. സ്പെയിനിലെ താമസ കാലത്ത് ഗതകാല ഇസ്‌ലാമിക സംസ്കാരത്തിന്റെ സംഭാവനകളെ അടുത്തറിയാന്‍ സാധിച്ചു. നഷ്ടപ്പെട്ട സംസ്കാരത്തെ വീണ്ടെടുക്കാനുള്ള അടങ്ങാത്ത അഭിവാജ്ഞ അദ്ദേഹത്തിന്റെ മനസ്സില്‍ അങ്കുരിച്ചത് സ്പെയിനില്‍ നിന്നാണ്.

നിയമം പഠിക്കുന്ന സമയത്താണ് ശൗഖി സജീവമായ കവിതാ എഴുത്ത് ആരംഭിച്ചത്. സാഹിത്യകാരന്മാരും കവികളുമായ പ്രൊഫ: അല്‍ ബസ്‌യൂനി, അല്‍ ബൈബാനി, തൗഫീഖ് പാഷ എന്നിവരുടെ ശിക്ഷണം കവിതാ രംഗത്തേക്കുള്ള രംഗപ്രവേശം എളുപ്പമാക്കി. അല്‍ ബൈബാനിയുടെ കവിതകള്‍ വ്യാഖ്യാനിക്കുന്നതും പഠന വിധേയമാക്കുന്നതും ശ്രദ്ധയില്‍ പെട്ട ഗുരു ശിഷ്യന്റെ കഴിവുകള്‍ തിരിച്ചറിയുകയും ശിഷ്യനെ ഭരണാധികാരിയായ അല്‍ ഖൈദവിക്കു പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ശൗഖിയെ വിളിച്ചു വരുത്തി കവിതകള്‍ പരിശോധിച്ചു. പിന്നീടുള്ളതെല്ലാം ചരിത്രമായിരുന്നു.

കൃതികള്‍:

നാലു വാല്യങ്ങളുള്ള ദീവാന്‍ അല്‍ ശൗഖിയ്യാത്ത് ആണ് പ്രധാന കൃതി. 1988-ലാണ് ആദ്യ കൃതി പ്രസിദ്ധീകരിച്ചത്. ശൗഖിയാത്തിന്റെ പരിഷ്‌കരിച്ച നാലു വാല്യങ്ങള്‍ യഥാ ക്രമം 1926, 1930, 1936, 1943 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. (പരിഷ്കരിച്ച മൂന്നും നാലും പതിപ്പുകള്‍ ശൗഖിയുടെ മരണത്തിനു ശേഷമാണ് വെളിച്ചം കണ്ടത്)

മൂന്നു നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ നോവല്‍ അദ്‌റാഉല്‍ ഹിന്ദ് (ഇന്ത്യന്‍ കന്യക) 1897ല്‍ രചിച്ചു. ഫറോവ റാംസീസ് രണ്ടാമന്റെ കാലത്തെ ഈജിപ്ത് ചരിത്രം അസ്പദമാക്കിയ നോവലാണത്. ലാദിയാസ്, വറഖത് അല്‍ ആസ് എന്നിവയാണ് മറ്റു രണ്ടു നോവലുകള്‍. ഇവയും പൗരാണിക ഈജിപ്തുമായി ബന്ധപ്പെട്ട ചരിത്രാഖ്യായകളാണ്.

പത്തോളം നാടകങ്ങളും ശൗഖി എഴുതിയിട്ടുണ്ട്. ക്ലിയോപാട്രയുടെ പതനം, ഖമീസ്, അലി ബേക് ഒന്നാമന്‍, അന്തറതു ബിന്‍ ശദ്ദാദ്, മജ്‌നൂന്‍ ലൈലാ, അന്തലൂസിലെ രാജ കുമാരി, അല്‍ ബഖീല എന്നിവയാണ് നാടകങ്ങള്‍. ഗോള്‍ഡ് സൂഖ്, അറബ് രാജ്യങ്ങളും മുസ്‌ലിം പ്രമുഖരും എന്നീ ഗദ്യകൃതികളും പ്രസിദ്ധമാണ്. ഗാന്ധിജിയെ കുറിച്ചും ടാഗോറിനെ കുറുച്ചുമൊക്കെ ശൗഖി കവിത എഴുതിയിട്ടുണ്ട്. 1926 നവംബര്‍ 27-ന് അഹ്‌മദ് ശൗഖിയുടെ നേതൃത്വത്തില്‍ ടാഗോറിന് കെയ്റോവില്‍ ഗംഭീരമായ സ്വീകരണം നല്‍കിയിരുന്നു. ടാഗോറിന്റെ അന്നത്തെ ഈജിപ്ത് സന്ദര്‍ശനം ഒരാഴ്ച നീണ്ടു നിന്നു.

അന്ന് ശൗഖിയും ടാഗോറും തമ്മിലുണ്ടായ സംഭാഷണങ്ങള്‍ ശൗഖിയുടെ മകന്‍ ഹുസൈന്‍ പിന്നീട് ഉദ്ധരിക്കുന്നുണ്ട്: ഈജിപ്ത് സന്ദര്‍ശനത്തിനിടയില്‍ ടോഗോര്‍ ശൗഖിയോടു പറഞ്ഞു: ഇന്ത്യ വളരെ വലിയ ഒരു രാഷ്ട്രമാണ്. പക്ഷേ ഓരോ സംസ്ഥാനങ്ങള്‍ വ്യത്യസ്തങ്ങളായ ഭാഷകളാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ എന്റെ വാക്കുകള്‍ മനസ്സിലാകുന്നവര്‍ പത്ത് മുല്ല്യനില്‍ കൂടുതലുണ്ടാവില്ല. (1926-ഇന്ത്യയുടെ ജന സംഖ്യ 300 മില്ല്യനാണ്). ടാഗോര്‍ ചിരിച്ചു കൊണ്ടു ശൗഖിയോടു പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നേക്കാള്‍ ഭാഗ്യവാനാണ്; എന്തു കൊണ്ടെന്നാല്‍ താങ്കളുടെ വായനക്കാര്‍ അറബ് ലോകം മുഴുവനുമാണ്. www.youm7.com

*   *   *

ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ അറബിക്കവിയും അല്‍ അഹ്‌റാം പത്രത്തിലെ കോളമിസ്റ്റുമായ ഈജിപ്ത്യന്‍ കവി ഫാറൂഖ് ജുവൈദ എഴുതുന്നു: ഞാനിപ്പോഴും വിശ്വസിക്കുന്നു; സൂഫിയും പരിത്യാഗിയുമൊന്നുമല്ലാതിരുന്നിട്ടു കൂടി അഹ്‌മദ് ശൗഖി രചിച്ച വരികള്‍ തന്നെയാണ് പ്രവാചകാപദാന കാവ്യങ്ങളില്‍ ഏറ്റവും മഹത്തരമായിട്ടുള്ളത്. അദ്ദേഹം എഴുതിയ നൂറുക്കണക്കിനു പ്രവാചക പ്രകീര്‍ത്തന വരികളില്‍ ഏഴു കാവ്യങ്ങളായ വുലിദല്‍ ഹുദാ, നഹ്‌ജുല്‍ ബുര്‍ദ, ഇലാ അറഫാതില്ലാഹ്, സലൂ ഖല്‍ബീ തുടങ്ങിയവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടവ.

നഹ്ജുല്‍ ബുര്‍ദയില്‍ ലോക പ്രശസ്ത സൂഫി കവി ഇമാം ബൂസ്വീരിയെയാണ് ശൗഖി അനുകരിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് തളര്‍ന്നു കിടക്കുമ്പോഴാണ് ബൂസ്വീരി തന്റെ കാവ്യം രചിക്കുന്നത്. അദ്ദേഹം പ്രവാചകന്‍ (സ)യെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും അവിടുന്ന് തന്റെ മേല്‍‌മുണ്ടെടുത്ത് ബൂസ്വൂരിയെ അണിയിക്കുകയും ഉടന്‍ രോഗത്തില്‍ നിന്നും മുക്തി നേടുകയും ചെയ്തുവത്രെ. ലോകത്തിലെ എല്ലാ ദേശങ്ങളിലുമുള്ള സൂഫി അനുകൂലികള്‍ ഇമാം ബൂസ്വീരിയുടെ ബുര്‍ദ കാവ്യം കൊണ്ടു ബറകത്ത് എടുക്കുകയും പ്രാര്‍ത്ഥനാ സദസ്സുകളില്‍ ആലപിക്കുകയും പള്ളിയുടെയും മഖ്‌ബറകളുടെയും ചുവരുകളില്‍ അവയിലെ വരികള്‍ ഉല്ലേഖനം ചെയ്യുകയും ചെയ്യുന്നു. ഇരുന്നൂറോളം അനുകരണ കാവ്യങ്ങള്‍ ബുര്‍ദക്ക് ഉണ്ടായിട്ടുണ്ടെങ്കിലും നഹ്‌ജുല്‍ ബുര്‍ദ തന്നെയാണ് അതില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്. …..

അഹ്‌മദ് ശൗഖി മരണത്തെ മുഖാ മുഖം കണ്ട് രോഗബാധിതനായി കിടക്കുന്ന ദിവസം പുലര്‍ച്ചെ അദ്ദേഹത്തിന്റെ പരിചാരകന്‍ ചെന്നു പറഞ്ഞു: താങ്കളെ സന്ദര്‍ശിക്കാനുള്ള അനുവാദവും കാത്ത് പുറത്ത് മുഹമ്മദ് അഹമ്മദ് അല്‍ ളവാഹിരി എന്നു പേരുള്ള ഒരാള്‍ കാത്തിരിക്കുന്നുണ്ട് എന്ന്. ഉടന്‍ അദ്ദേഹം വിരിപ്പില്‍ നിന്നും ഞെട്ടി എഴുന്നേറ്റ് അത് ശൈഖുല്‍ അസ്‌ഹറാണ് എന്നു വിളിച്ചു പറഞ്ഞു. തുടര്‍ന്ന് പുറത്തു ചെന്ന് വലിയ ഇമാമിനു സ്വാഗതം എന്ന് അഭിവാദ്യം ചെയ്തു. പിന്നീട് രണ്ടു പേരും ഇരിപ്പിടത്തില്‍ ഇരുന്നു. ശൈഖ് അല്‍ ളവാഹിരി ശൗഖിയോടു പറഞ്ഞു: ഞാന്‍ റസൂലുല്ലാഹി പറഞ്ഞിട്ടു വന്നതാണ്. ഇന്നലെ രാത്രി അവിടുന്ന് സ്വപ്നത്തില്‍ എന്നെ സന്ദര്‍ശിക്കുകയും അവിടുന്ന് – സ്വല്ലല്ലാഹു അലൈഹി വസല്ലം – താങ്കളെ കാത്തിരിക്കുന്നുവെന്ന് അറിയിക്കാന്‍ എന്നോട് കല്പിക്കുകയും ചെയ്തു. ഇതു കേട്ട അഹ്‌മദ് ശൗഖി സന്തോഷം കൊണ്ടു കരഞ്ഞു പോയി. പിന്നീട് ഏതാനും ദിവസങ്ങളേ  ശൗഖി ജീവിച്ചിരുന്നുള്ളൂ. അങ്ങനെ അദ്ദേഹം ദൈവസ സന്നിധിയിലേക്കു യാത്രയായി.

ശൈഖ് ശ‌അ്‌റാവി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ അഹ്‌മദ് ശൗഖി റഹിമഹുല്ലാഹ് എന്നു പറയരുത്: ശൗഖി റളിയല്ലാഹു അന്‍‌ഹു എന്നു പറയണം. ശൗഖി നബി(സ)യെ പ്രശംസിച്ചതു പോലെ ആരും പ്രശംസിച്ചിട്ടില്ല. ശൈഖുല്‍ അസ്‌ഹര്‍ ളവാഹിരിയെ ഉദ്ധരിച്ച് ശ‌അ്‌റാവി മറ്റൊരു കഥയും  പറയുന്നുണ്ട്: അദ്ദേഹം ഒരിക്കല്‍ നബി(സ‌)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. കൂടെ പ്രമുഖ സ്വഹാബി ഹസാനുബിന്‍ സാബിതും ഉണ്ട്. ഹസാന്‍ നബി(സ)ക്ക് മുമ്പില്‍ കവിതകള്‍ അവതരിപ്പിക്കുകയാണ്. അപ്പോള്‍ തിരുനബി ഹസാനോടു ചോദിച്ചു: എവിടെ അഹ്‌മദ് ശൗഖി? പിറ്റേന്നു തന്നെ ശൈഖ് ശ‌അ്‌റാവി ശൗഖിയെ സന്ദര്‍ശിക്കുകയും സ്വപ്നത്തിന്റെ കഥ വിവരിച്ചു കൊടുക്കുകയും ചെയ്തു.

ഒരിക്കല്‍ ഞാന്‍ സംഗീതജ്ഞന്‍ മുഹമ്മദ് അബ്ദുല്‍ വഹാബിനോടു ചോദിച്ചു: ശൗഖി ഒരു സൂഫിയാണോ? അദ്ദേഹം പറഞ്ഞു: അദ്ദേഹം നല്ലൊരു ഭക്തനാണ്. ഇസ്‌ലാം മതത്തെയും അതിന്റെ പ്രവാചകനെയും സ്നേഹിക്കുന്ന ആളുമാണ്. സംസ്കാരവും മാതൃകയുമായി വന്ന മനുഷ്യപ്പറ്റുള്ള സമ്പൂര്‍ണ്ണ ജീവിത പദ്ധതിയാകുന്നു ഇസ്‌ലാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം വിശ്വാസത്തില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇസ്ലാം സംസ്കാരത്തിന്റെയും ജീവിത ചിട്ടകളുടെയും ഉന്നത മൂല്യങ്ങളുടെയും മതമാണ്. അതു കൊണ്ടു തന്നെ പ്രവാചകനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാവ്യങ്ങളും ഏറ്റവും മനോഹരമായ കവിതകളായിത്തീര്‍ന്നു. …..

ചരിത്രം, ദേശ സ്നേഹം, ഖുര്‍‌ആന്‍, പ്രവാചക സ്നേഹം, ആചാര മര്യാദകള്‍, വിലാപഗീതം എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍.

1932 ഒക്ടോബര്‍ 13 ന് വൈകുന്നേരം ആ സൂര്യ തേജസ്സ് അസ്തമിച്ചു.

Nahj Al Burda, Part 1, Line: 1

PART -1

 (പ്രേമ സങ്കീര്‍ത്തനം)

مقدمة غزلية

ഈജിപ്ത് സ്വദേശിയും ആധുനിക അറബിക്കവികളുടെ രാജകുമാരനുമായ ‘അമീറുശ്ശു‌അറാ‌അ്‌’ അഹ്‌മദ് ശൗഖി (1868-1932) തന്റെ മുന്‍‌ഗാമികളായ ക‌അബുബിന്‍ സുഹൈര്‍(റ)ന്റെ ബാനത് സുആദു എന്നു തുടങ്ങുന്ന കാവ്യത്തെയും ഇമാം ബൂസ്വീരി(റ)യുടെ അല്‍ കവാകിബുദ്ദുരിയ്യ ഫീ മദ്‌ഹി ഖൈരില്‍ ബരിയ്യ എന്ന ബുര്‍ദ കവിതയെയും അനുകരിച്ചു രചിച്ച ‘നഹ്‌ജ് അല്‍ ബുര്‍ദ’ എന്ന പ്രവാചക പ്രകീര്‍ത്തന കാവ്യം തന്റെ പൂര്‍‌വ്വികര്‍ ചെയ്തതു പോലെ പ്രേമ സങ്കീര്‍ത്തനങ്ങളുമായി തുടങ്ങുകയാണ്.

കാനനച്ഛായയില്‍ നിന്നു കൊണ്ട് കടമിഴിക്കോണുകളാല്‍ കമിതാക്കളെ മയക്കുന്ന പേടമാനിനോടുപമിക്കുന്നു കവി ഇവിടെ സ്വന്തം കാമുകിയെ. മാനിന്റെ തുളച്ചു കയറുന്ന നോട്ടത്തില്‍ അദ്ദേഹം വീണുപോവുകയാണ്:

1

رِيمٌ عَلَى الْقَاعِ بَيْنَ الْبَانِ وَالْعَلَمِ  *  أَحَلَّ سَفْكَ دَمِي فِي الْأَشْهُرِ الْحُرُمِ

ബാന്‍ മരങ്ങള്‍ക്കും പര്‍‌വ്വതത്തിനുമിടയിലുള്ള സമതല പ്രദേശത്തു വസിക്കുന്ന കലമാന്‍ വിശുദ്ധ മാസങ്ങളിലൊന്നില്‍ എന്റെ രക്തം ചിന്തിക്കൊണ്ട് (എന്നെ കശാപ്പു ചെയ്തിരിക്കുകയാണ്).

رِيمٌ

വെളുത്ത മാന്‍, കലമാന്‍ (ഏഷ്യയിലെയും ആഫ്രിക്കയിലെയും ഒരിനം ചെറിയ മാന്‍) Rhim gazelle

عَلَى الْقَاعِ

കുന്നുകളാലും പര്‍‌വ്വതങ്ങളാലും ചുറ്റപ്പെട്ട കുന്നിന്‍ പുറങ്ങളിലെ സമതല പ്രദേശത്തെ

بَيْنَ الْبَانِ

ബാന്‍ മരങ്ങള്‍ക്കും

وَالعَلَمِ

പര്‍‌വ്വതത്തിനും ഇടയ്ക്കുള്ള

أَحَلَّ سَفْكَ دَمِي

എന്റെ രക്തം ചിന്തി (കൊന്നു)

فِي الْأَشْهُرِ الْحُرُمِ

വിശുദ്ധമായ മാസങ്ങളില്‍

 

റീം (റൈം) എന്നാല്‍ അറബിയില്‍ വെളുത്ത ഒരിനം ചെറുമാന്‍ എന്നര്‍ത്ഥം. ഖാഅ്: മലകള്‍ക്കും കുന്നുകള്‍ക്കുമിടയിലുള്ള സമതലപ്രദേശം. അവിടെ മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ സസ്യ ലതാതികള്‍ കൂടുതലായി വളരുന്നു.

അഹല്ല സഫ്‌ക് ദിമാ‌അ്‌ (أَحَلَّ سَفْكَ دِمَاء): രക്തം ചിന്തുക, കൊല്ലുക എന്ന അര്‍ത്ഥത്തിലുള്ള ഒരു പ്രയോഗമാണ്. സഫഖ: എന്നാല്‍ ചൊരിയുക, ഒഴിക്കുക, പാരുക എന്നര്‍ത്ഥം. സഫക ദിമാഅ്‌: രക്തം ചിന്തുക. അഹല്ല സഫ്‌ക ദം: രക്തം ചിന്തല്‍ നടപ്പിലാക്കി.

ഇവിടെ മാന്‍ കവിയെ വധിക്കുന്നത് അതിന്റെ മൂര്‍ച്ചയുള്ള നോട്ടം കൊണ്ടാണ്. (അക്കാര്യം അടുത്ത വരിയില്‍ വിശദീകരിക്കുന്നുണ്ട്). കാമ ബാണമേറ്റു പിടഞ്ഞു വീണു എന്ന പ്രയോഗം ഓര്‍ക്കുക. അതും വിശുദ്ധ മാസത്തില്‍. റജബ്, ദുല്‍‌ഖ‌അദ്, ദുല്‍ ഹജ്ജ്, മുഹറം എന്നീ നാലു മാസങ്ങള്‍ ജാഹിലിയ്യാ കാലം മുതലേ യുദ്ധം ഹറാമായ മാസങ്ങളാണ്. ആ സീസണില്‍ പരസ്പരം പോരടിക്കാതെ സമാധാനത്തോടെ അറബികള്‍ കഴിഞ്ഞു കൂടും. തീര്‍ത്ഥ യാത്രകള്‍, കവി സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയൊക്കെ നടക്കുന്നത് അപ്പോഴാണ്. ഈ വിശുദ്ധ മാസങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് വലിയ പാപമായി കരുതിപ്പോന്നിരുന്നു. അങ്ങനെയുള്ള ഒരു മാസത്തിലാണ് തന്റെ കാമുകി ഈ കടും കൈ ചെയ്തത് എന്നു വരുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവമുള്ളതായി മാറുന്നു.

അഹ്‌മദ് ശൗഖിയും തന്റെ മുന്‍‌ഗാമികളായ കവികളുടെ പാത പിന്തുടര്‍ന്ന് പ്രേമവും അനുരാഗവും കൊണ്ട് കാവ്യം ആരംഭിക്കുന്നു. തന്റെ പ്രാണസഖി സുആദയുടെ വേര്‍പാടില്‍ മനം നൊന്തു വിലപിച്ചു കൊണ്ടാണ് ക‌അബു ബിന്‍ സുഹൈര്‍(റ) ആദ്യത്തെ ബുര്‍ദ തുടങ്ങുന്നത്.  സ്വന്തം ആത്മാവായ കരയുന്ന കമിതാവിനോടാണ് ഇമാം ബൂസ്വൂരി(റ) രണ്ടാമത്തെ ബുര്‍ദയില്‍ ദു:ഖത്തിന്റെ കാരണമന്വേഷിക്കുന്നത്. ഇവിടെ ശൗഖി സ്വയം രക്തസാക്ഷിയാവുകയാണ്; പ്രേമത്തിന്റെ രക്തസാക്ഷി..! മാനിന്റെ സൗന്ദര്യമാണ് യഥാര്‍ത്ഥത്തില്‍ ശക്തനായ കവിയെ വീഴ്ത്തിക്കളയുന്നത്.

ബാന്‍, അലം എന്നീ രണ്ടു പദങ്ങള്‍ ബൂസ്വൂരിയുടെ ബുര്‍ദയില്‍ നിന്നു കടം കൊണ്ടതാണ്. ഹില്ല്, ഹറം എന്നത് പ്രധാന പ്രമേയത്തിലേക്കുള്ള സൂചനയാണ്. നബി(സ) ജനിച്ചു വളര്‍ന്ന മക്കയും അടക്കിവാണ ശേഷം അന്ത്യവിശ്രമം കൊള്ളുന്ന മദീനയും അവിടെയാണ്.ശ്രദ്ധിക്കുക: ഇവിടെ കവിയുടെ ബിംബ കല്പനയ്ക്കു കടമെടുക്കുന്നത് മാനിന്റെ മനോഹരവും ആകര്‍ഷണീയവും തുളച്ചു കയറുന്നതുമായ മിഴികളെ മാത്രമാണ്. ആ കണ്ണുകള്‍ ഇവിടെ തിരുനബിയുടെ വ്യക്തിപ്രഭാവത്തെ പ്രതിനിധീകരിക്കുന്നു. ആ മാസ്മരിക ദര്‍ശനത്തില്‍ കവി വീണു പോവുകയാണ്