വയനാട്
എത്ര ദുര്‍ബ്ബലമായ പ്രദേശങ്ങളാണെങ്കില്‍ പോലും ഏതൊരാള്‍ക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലം അവരുടെ നാടു തന്നെയായിരിക്കും. അതു കൊണ്ടു തന്നെ ഞാന്‍ എന്റെ വയനാടിനെ സ്നേഹിക്കുന്നു. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് കുന്നുകളും വയലുകളും നിറഞ്ഞ, തോടുകളും കാടുകളും കൊണ്ടു സമ്പന്നമായ വയനാട് ഒരു സ്വതന്ത്ര രാഷ്ടം കണക്കെ തല ഉയര്‍ത്തി നില്‍ക്കുന്നു. ലോകത്തെ ഏറ്റവും മനോഹരമായ കാലാവസ്ഥയാണ് വയനാട് എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ചവര്‍ സമ്മതിക്കും. എന്നാല്‍ വയനാട്ടുകാരനായ എന്റെ അഭിപ്രായത്തില്‍ സാധാരണക്കാരനായ ഒരു വയനാട്ടുകാരന് ജീവിക്കാന്‍ നാട്ടിലെ പ്രകൃതി സൗന്ദര്യവും മണ്ണും മാത്രം മതിയാകില്ല. മാത്രമല്ല മണ്ണിനോട് മല്ലിട്ടു ജീവിക്കുന്നവരെ അവിടുത്തെ മണ്ണ് തിരിച്ചും അങ്ങിനെ സ്നേഹിച്ചു കൊള്ളണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ സമാധാനമായി കഞ്ഞി കുടിക്കണമെങ്കില്‍ പുറത്തു പോയി അധ്വാനിച്ചു കൊണ്ടു വരണം. നല്ല വിദ്യാഭ്യാസം ലഭിക്കണമെങ്കിലും ചുരമിറങ്ങണം. വയനാട്ടിന്റെ തണുപ്പ് പലപ്പോഴും നമ്മുടെ ബുദ്ധിയെയും മരവിപ്പിക്കുന്നുണ്ട് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ കൃഷി കൊണ്ടൊക്കെ പച്ച പിടിച്ചവരെ നമുക്കു കാണാന്‍ കഴിയും. അവര്‍ക്കു വേണ്ടി മുതലിറക്കാന്‍ ചില മുതലാളിമാര്‍ പിന്നിലുണ്ടാകും എന്നതാണ് സത്യാവസ്ഥ. ഈ അര്‍ഥത്തില്‍ തന്നെയാണ് പണ്ടു ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ കാടു വെട്ടിത്തെളിച്ച് വ്യാപകമായി ചായത്തോട്ടങ്ങള്‍ നിര്‍മ്മിച്ചത്. പുറമേ നിന്നു വരുന്നവര്‍ക്കറിയില്ല അവിടെ ജീവിക്കുന്നവര്‍ കഴിഞ്ഞു പോകാന്‍ എത്രമാത്രം സ്ട്രഗിള്‍ ചെയ്യുന്നുണ്ട് എന്ന്. ഉടുക്കാന്‍ തുണിയും കഴിക്കാന്‍ ഭക്ഷണവും കീശയില്‍ ആവശ്യത്തിനു തുട്ടുമുണ്ടെങ്കില്‍ വയനാട് ഏറ്റവും മനോഹരമായ ടൂറിസ്റ്റ് ഹോമാണ്.
അതോടൊപ്പം അശാസ്ത്രീയമായ കൃഷി രീതിയും അമിതമായ കീടനാശിനി പ്രയോഗങ്ങളും നിമിത്തം അര്‍ബുദം, കരള്‍ രോഗങ്ങള്‍ തുടങ്ങിയ വയനാട്ടുകാര്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നെല്പാടങ്ങള്‍ വാഴകള്‍ കവുങ്ങുകള്‍ക്കും വഴിമാറിയത് തികച്ചും ദു:സൂചനയാണ്. മണ്ണൊലിപ്പു നിമിത്തം നിരവധി തോടുകളും നീര്‍ചാലുകള്‍ ഓരോ വര്‍ഷവും നശിച്ചു പോകുന്നുമുണ്ട്. ഉരുള്‍പൊട്ടലുകളും വന്യ മൃഗങ്ങളും ജന ജീവിതത്തെ സാരമായി ബാധിക്കുന്നുമുണ്ട്. വയനാടിനു പുറത്തു നിന്നു വന്ന് വയനാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഭൂമാഫിയകളും സാധാരണക്കാര്‍ക്കു ഭീഷണിയാണ്. ജനാധിപത്യ രാഷ്ടങ്ങളില്‍ ആര്‍ക്കും ഒന്നും സ്വന്തമല്ല എന്ന സത്യം നിലനില്‍ക്കേ തന്നെ നമുക്ക് നല്ലൊരു ഭാവിയെ സ്വപ്നം കാണാം. പുതിയ തലമുറ കൂടുതല്‍ വിദ്യാഭ്യാസം നേടട്ടെ.
