0%
Still working...

My Teachers

എന്റെ ഗുരുനാഥന്മാര്‍

ഒരാളുടെ ജീവിതത്തെ പാകപ്പെടുത്തുന്നതില്‍ അയാളുടെ അധ്യാപകന്മാര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌. നമ്മുടെ മക്കള്‍ക്ക് ബുദ്ധിയില്ലാത്തതു കൊണ്ടല്ല അവര്‍ മിടുക്കന്മാരായി വളരാത്തത്; മറിച്ച് സമര്‍ത്ഥരായ അധ്യാപകരെ ലഭിക്കാത്തതു കൊണ്ടാണ്‌. അക്കാര്യം എനിക്കു ബോധ്യപ്പെട്ടത് മദ്രസ്സയി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌. അതു വരേ ഞാന്‍ ശരാശരിയിലും താഴ്ന്ന നിലവാരത്തിലായിരുന്നു. നാലാം ക്ലാസില്‍ ഞങ്ങള്‍ എല്ലാവരും തോറ്റു പോയിരുന്നു. ഉസ്താദുമാര്‍ ഇല്ലാത്തതു കൊണ്ടും പഠന നിലവാരം കുറഞ്ഞതു കൊണ്ടും ഒരു വര്‍ഷവും കൂടി നാലാം ക്ലാസില്‍ ഇരിക്കാന്‍ കമ്മിറ്റിക്കാരും ഉസ്താദുമാരും തീരുമാനിക്കുകയായിരുന്നു.

  1. അലി വെട്ടത്തൂര്‍
    എന്നാല്‍ അഞ്ചാം ക്ലാസില്‍ ഞങ്ങള്‍ക്ക് ഉസ്താദായി ഉണ്ടായിരുന്നത് അലി വെട്ടത്തൂര്‍ എന്ന പ്രശസ്തനായ അധ്യാപകനായിരുന്നു. (ഈ ഉസ്താദ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഇച്ച മസ്താന്റെ ബിരുത്തങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു വര്‍ഷം മുമ്പ് ഞാന്‍ ഉസ്താദുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ആ വിഷയത്തില്‍ ചില ഗവേഷണങ്ങള്‍ നടത്തിയിരുന്നു.) അന്ന് അലി ഉസ്താദ് പള്ളിയിലെ ഖതീബു ഇമാമുമായിരുന്നു. ഉസ്താദിന്‌ അറബിക്കു പുറമേ ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളൊക്കെ അറിയാം എന്ന് അന്നു കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് വലിയ് അത്ഭുതമായിരുന്നു. ഓരോ കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കാന്‍ ഉസ്താദിന്‌ കഴിവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അക്കൊല്ലം ഞങ്ങളെല്ലാം പൊതു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കോടെ ജയിച്ചു.
    മദ്രസ്സയില്‍ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും എന്നെ പഠിപ്പിച്ചത് ആരാണെന്ന് എനിക്കു കൃത്യമായി ഓര്‍മ്മയില്ല. വാഴയില്‍ മൊയ്തു മുസ്‌ലിയാല്‍, തരുവണ സ്വദേശി മൊടോന്തേരി ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവര്‍ ആ സമയത്ത് എന്നെ പഠിപ്പിച്ചിരുന്നു. രണ്ടു പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
  2. കല്ലായി മൊയ്തു ഉസ്താദ്
    കെല്ലൂര്‍ സ്വദേശിയായ കല്ലായി ഉസ്താദായിരുന്നു‌ മൂന്നാം ക്ലാസില്‍ ഞങ്ങളുടെ ഉസ്താദ്. യാസീന്‍ കാണാതെ പഠിക്കാത്തതിന്‌ ബെഞ്ചില്‍ കയറ്റി നിര്‍ത്തി അടിക്കുന്ന ഒരോര്‍മ്മ ഇപ്പോഴുമുണ്ട്. എന്നിട്ടും ഞാന്‍ അന്ന് യാസീന്‍ പഠിച്ചിരുന്നില്ല. അദ്ദേഹവും നാലഞ്ചു വര്‍ഷം മുമ്പ് മരണപ്പെട്ടു.
  3. സി.എച്ച്. ഇബ്രാഹീം മുസ്‌ലിയാര്‍: ഞങ്ങളെ നാലാം ക്ലാസില്‍ പഠിപ്പിചിരുന്നത് ഇബ്രാഹീം ഉസ്താദായിരുന്നു. കട്ടയാട് മഹല്ലില്‍ വളരെ വര്‍ഷങ്ങളോളം അദ്ദേഹം അധ്യാപനായി ഉണ്ടായിരുന്നു. അന്ന് എല്ലാ ബുധനാഴ്ചയും ഉസ്താദിന്‌ കത്തല്‍ (പ്രാതല്‍) കൊണ്ടു പോയി കൊടുത്തിരുന്നത് ഞങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു. തൂക്കു പാത്രത്തില്‍ ചായയും തുണിയില്‍ കെട്ടിയ പിഞ്ഞാണത്തിന്റെ പ്ലെയ്റ്റില്‍ ദോശയും കറിയും / ചിലപ്പോള്‍ പഞ്ചസാരയും തേങ്ങ ചിരകിയതു കൊണ്ടു പോവുക ഒരു സാഹസം തന്നെയായിരുന്നു. ബുധനാഴ്ചയാകുമ്പോള്‍ ഉമ്മക്ക് ആധിയായിരുന്നു; അന്നത്തെ ചെലവിനെ കുറിച്ച്. വിദ്യാര്‍ത്ഥികളെ ഏറെ സ്നേഹിച്ചിരുന്ന ഉസ്താദായിരുന്നു ഇബ്രാഹിം ഉസ്താദ്. ആ സ്വര മാധുരിയും ഉസ്താദിന്റെ തടിച്ചു വെളുത്ത ശരീരവും ഞങ്ങളെ ആകര്‍ഷിച്ചിരുന്നു. കുരുത്തക്കേടിന്റെ ആധിക്യം നിമിത്തം പലപ്പോഴും ഞാന്‍ അടി വാങ്ങിയിട്ടുണ്ട്. സ്വലാത്ത് ഇബ്രാഹിം ഉസ്താദ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മദ്രസ്സ കാലത്തിനു ശേഷവും മരിക്കുന്നതു വരേ ഒരു നല്ല ബന്ധം ഉസ്താദുമായി നില നിര്‍ത്തിയിരുന്നു. എപ്പോള്‍ കണ്ടാലും മനസ്സു തുറന്നു സംസാരിക്കും. എന്നാല്‍ നന്ദി പ്രകടിപ്പിക്കുന്നതില്‍ മാത്രം ഞങ്ങള്‍ ശിഷ്യന്മാര്‍ പരാജയപ്പെട്ടു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മക്കളെയെല്ലാം ചിട്ടയോടെ വളര്‍ത്താന്‍ ഉസ്താദിനു സാധിച്ചു എന്നതും ആ പണ്ഡിത കുടുംബത്തിന്റെ മേന്മ തന്നെയാണ്‌.
  4. ഗൂഡല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍: ആറാം ക്ലാസില്‍ ഞങ്ങള്‍ക്ക് സമര്‍ത്ഥനായ ഒരു ഗുരുനാഥനെ ലഭിച്ചു. പള്ളിയിലെ ഖത്വീബായിരുന്ന വയോധികനായ ആ ഉസ്താദ് നാട്ടില്‍ ചെറിയ ഒരു ദര്‍സും നടത്തിയിരുന്നു. ആറാം ക്ലാസ് പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്. അറബിക് ഗ്രാമറിന്റെ പ്രഥമ വിഭാഗമായ ഇല്‍മു സ്വര്‍ഫിന്റെ അടിവേരുകള്‍ അടുത്തറിഞ്ഞത് ഈ ഉസ്താദില്‍ നിന്നായിരുന്നു. മീസാനും സ്വര്‍ഫ് ടേബിളുകളും പച്ചവെള്ളം പോലെ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അന്ന് മന: പാഠമാക്കിയ ആദ്യപാഠങ്ങള്‍ ഇന്നും മനസ്സിലുണ്ട്. കിതാബിനേക്കാള്‍ വാമൊഴിയായി പകര്‍ന്നു തന്ന വിജ്ഞാനമാണ്‌ എന്റെ അറബി ഭാഷയുടെ അടിത്തറ കെട്ടിപ്പടുത്തത്.

My Teachers