0%
Still working...

My Parents

ഉപ്പയും ഉമ്മയും

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്റെ ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്നുണ്ട്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഇപ്പോഴും അവര്‍ രണ്ടു പേരും പരസഹായങ്ങള്‍ ആവശ്യമില്ലാതെ തന്നെ അവരുടെ കാര്യങ്ങള്‍ ചെയ്ത് ഞങ്ങളുടെ തറവാട്ടില്‍ സുഖമായി കഴിയുന്നു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ അവര്‍ രണ്ടു പേരും ദുബായില്‍ വന്നിരുന്നു. അനിയത്തി ഉമൈമത്താണ് അവരെ കൊണ്ടു വരാനുള്ള ഇനീഷ്യേറ്റീവ് എടുത്തത്. ഒരു മാസം അവളുടെ ഫ്ലാറ്റില്‍ താമസിച്ചു. അവളുടെ കല്ല്യാണം നീണ്ടു പോകുന്നതില്‍ ഇരുവരും ഏറെ ദു:ഖിതരായിരുന്നു. കഴിഞ്ഞ ഡിസംബര്‍ അവസാന വാരം അതും ഭംഗിയായി നടന്നു.
2010-ല്‍ രണ്ടു പേരും ഹജ്ജിനു പോകുമ്പോള്‍ ഞാനും അവരെ അനുഗമിച്ചിരുന്നു. മത പണ്ഡിതനായ ഉപ്പ ഇമാമായും മദ്രസാ അധ്യാപകനായും നാല്പതു വര്‍ഷത്തിലധികം സേവനം ചെയ്തു. പുളിഞ്ഞാല്‍ ജുമുഅത്തു പള്ളിയില്‍ ഇമാമും ഖത്വീബുമായി ജോലി ചെയ്യുമ്പോഴാണ് ഉമ്മയെ കല്ല്യാണം കഴിക്കുന്നത്. ഉസ്താദുമാരെ വളരെയധികം ബഹുമാനിക്കുന്ന കുടുംബമാണ് ഉമ്മയുടെ കുടുംബം. എന്റെ അമ്മാവന്‍ അലുവ മമ്മൂട്ടി മൗലവിയും പ്രതിഭാധനനായ മുഅല്ലിമായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് 2006-ല്‍ അദ്ദേഹം വിടവാങ്ങി. എന്റെ പിതാവു കഴിഞ്ഞാല്‍ എന്റെ ബാല്യകാല ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായിരുന്നു അമ്മാവന്‍. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് അധികവും ഞാന്‍ താമസിച്ചിരുന്നത് ഉമ്മയുടെ തറവാട്ടിലായിരുന്നു. അവിടുത്തെ തോടുകളും പാടങ്ങളും കാടുകളും എന്നെ വല്ലാതെ ആവേശം കൊള്ളിച്ചിരുന്നു. ഉപ്പാപ്പയെ കുറിച്ചും ഉമ്മാമയെ കുറിച്ചും അവരുടെ കുടുംബാംഗങ്ങളെ കുറിച്ചും എനിക്ക് പറഞ്ഞാല്‍ തീരാത്ത കഥകളുണ്ട്. ഒരര്‍ത്ഥത്തില്‍ എന്റെ ഗ്രാമത്തെ പോലെത്തന്നെ ഉമ്മയുടെ ഗ്രാമത്തെയും ഞാന്‍ സ്നേഹിച്ചു. (എന്റെ ബാല്യകാല സ്മരണകളില്‍ അവരെ കുറിച്ചു കൂടുതല്‍ എഴുതുന്നതാണ്.)
ചെറുപ്പ കാലത്ത് ഉപ്പയുടെ കര്‍ശനമായ പല നടപടികളെ കുറിച്ചും എനിക്കു വിയോജിപ്പുണ്ടായിരുന്നു. ഒരിക്കലും ഞങ്ങള്‍ കുട്ടികളെ വെറുതെയിരിക്കാന്‍ സമ്മതിക്കില്ല. ഒരു പണിയും ഇല്ലെങ്കിലും എന്തെങ്കിലും പണി ഉണ്ടാക്കി അതെടുക്കാന്‍ നിര്‍ബന്ധിക്കും. വഴങ്ങിയിട്ടില്ലെങ്കില്‍ വടിയെടുക്കും. ഞാനും അനുജനുമടങ്ങുന്ന കുട്ടികള്‍ അക്കാലത്തെ എന്തെങ്കിലും ഒഴിവു കിട്ടുകയാണെങ്കില്‍ കളിക്കാനായി ഓടിപ്പോകും. വിദ്യാലയങ്ങളിലേക്കുള്ള പോക്കൊക്കെ വെറും ഒരു ചടങ്ങായിരുന്നു. വിശുദ്ധ ഖുര്‍‌ആന്‍ നിയമമനുസരിച്ചു പാരായണം ചെയ്യാന്‍ നിരവധി തവണ വീട്ടില്‍ വെച്ച് സ്പെഷല്‍ ക്ലാസുകളെടുത്തിരുന്നു എന്റെ ഉപ്പ. എന്നാല്‍ അതൊന്നും എന്റെ തലയില്‍ കയറിയിരുന്നില്ല. മൂത്താപ്പയുടെ പെണ്‍ മക്കള്‍ക്കൊപ്പം പലവട്ടവും ഞാന്‍ അടിവാങ്ങിയിട്ടുണ്ട്. പിതാക്കന്മാരുടെ സ്നേഹം പുറത്തു കാണിക്കില്ല എന്നത് എന്റെ ഉപ്പയെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. പഠിക്കാനായി വീടു വിട്ടു പോയപ്പോഴും ഉപ്പ ഏറെ ദു:ഖിച്ചിരുന്നുവെന്ന് ഉമ്മ പറഞ്ഞതോര്‍ക്കുന്നു.

എനിക്ക് ഓര്‍മ്മ വെക്കുമ്പോള്‍ ഉപ്പ പഴഞ്ചന മദ്രസ്സയിലായിരുന്നു പഠിപ്പിച്ചിരുന്നത്. മദ്രസ്സയില്‍ ഏഴാം ക്ലാസില്‍ പഴഞ്ചന റശീദുല്‍ ഇസ്‌ലാം മദ്രസ്സയില്‍ ഞാനും ഉപ്പയുടെ ശിഷ്യനായിരുന്നു. പത്തു വര്‍ഷത്തിലേറെ ഉപ്പ അവിടെ അധ്യാപനം നടത്തി. ആദ്യമൊക്കെ ഉമ്മ വീട്ടില്‍ നിന്നും നാലു കിലോമീറ്റര്‍ നടന്നിട്ടായിരുന്നു മദ്രസയില്‍ പോയിരുന്നത്. പിന്നീട് ഉപ്പ ഒരു സൈക്കില്‍ വാങ്ങി. അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ക്ക് സൈക്കിള്‍ ഉണ്ടായിരിക്കുക എന്നത് ഇന്ന് ഒരു ബൈക്ക് സ്വന്തമാക്കുന്നതു പോലെയാണ്. ഞാന്‍ ആദ്യമായി സൈക്കില്‍ ഓടിച്ചു പഠിച്ചത് ഉപ്പയുടെ സൈക്കിളിലാണ്. കമ്പിയുടെ ഇടയിലൂടെ കാലിട്ടു കൊണ്ടായിരുന്നു അന്നു സൈക്കില്‍ ഓടിച്ചിരുന്നത്. നിരന്തരമായി സൈക്കിള്‍ ചവിട്ടിയതു കാരണം കാലിനു വേദന അനുഭവപ്പെട്ട ഉപ്പ പിന്നീട് അതു വില്പന നടത്തുകയായിരുന്നു.
മദ്രസാ അധ്യാപകന്മാര്‍ക്ക് അന്നും ലഭിച്ചിരുന്നത് ഏറ്റവും കുറഞ്ഞ ശമ്പളമായിരുന്നു. വളരെ അരിഷ്ടിച്ചിട്ടായിരുന്നു അന്നത്തെ ജീവിതം. അതിനൊക്കെ ഒരളവോളം ഉപ്പ പരിഹാരം കണ്ടിരുന്നത് മണ്ണില്‍ അധ്വാനിച്ചു കൊണ്ടായിരുന്നു. ഉപ്പ നല്ലൊരു കര്‍ഷകനും കൂടിയാണ്. നന്നേ ചെറുപ്പത്തില്‍ വീടിനു മുമ്പിലുള്ള പാടത്ത് നെല്ല് ഉണ്ടാക്കിയിരുന്നു. വീട്ടു വളപ്പിലെ പ്രധാന കൃഷി കാപ്പിയും കുരുമുളകും അടക്കയുമായിരുന്നു. അതു കൂടാതെ ഇഞ്ചി, വാഴ, മഞ്ഞള്‍, കൂവ്വ, പച്ചക്കറി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. എന്റെ ചെറുപ്പ കാലത്തിനു മുമ്പ് കുന്നുകളില്‍ വ്യാപകമായി മുത്താറി കൃഷി ചെയ്തിരുന്നുവത്രെ. എന്റെ ഉമ്മയുടെ ഉപ്പ തൈലപ്പുല്ല് വളര്‍ത്തുകയും അവയുടെ എണ്ണ വാറ്റുകയും ചെയ്യുമായിരുന്നു. വീട്ടില്‍ കൃഷിക്കു പുറമേ പശുക്കളെയും ആടുകളെയും വളര്‍ത്തിയിരുന്നു. എന്റെ ഉപ്പാപ്പ പോത്തുകളെയും എരുമകളെയും കാളകളെയും വളര്‍ത്തിയിരുന്നു. പ്രധാനമായും അവകളെ നിലമുഴുതാനും നെല്ലു മെതിക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നത്.

എന്റെ ഉപ്പ നല്ലൊരു കര കൗശല വിദഗ്ദനും കാലിഗ്രഫറുമായിരുന്നു. മനോഹരമായ അറബി ലിപികളില്‍ ബദ്‌രീങ്ങളുടെ പേരുകള്‍ എഴുതി അത് ചില്ലിട്ട് സൂക്ഷിക്കുമായിരുന്നു. എന്റെ വീട്ടിലും അമ്മാവന്റെ വീട്ടിലും ഇത്തരം ഫ്രെയിമുകള്‍ ഉമ്മറത്തു തൂക്കിയിട്ടിരുന്നു. പ്രാസ്റ്റിക കയറുകള്‍ വാങ്ങി അവ കൊണ്ട് പുസ്തക സഞ്ചിയും കുട്ടയും ഉണ്ടാക്കുമായിരുന്നു. വെണ്ണക്കലില്‍ കയറും റബര്‍ ബാന്റും ഉപയോഗിച്ച് ഒരു കളിപ്പാട്ടമുണ്ടാക്കിത്തന്നിരുന്നു. അതു തിരിച്ചു കൊടുത്താല്‍ താനെ മുന്നോട്ടു പോകുമായിരുന്നു. വീട്ടിന് ആവശ്യമായ ചെറിയ ആശാരിപ്പണികളും കോണ്‍ക്രീറ്റ് വര്‍ക്കുകളെല്ലാം ഉപ്പ സ്വയം ചെയ്യുമായിരുന്നു. എളാപ്പയുടെ സ്ക്രാപ്പ് മരത്തടികളെടുത്ത് കടഞ്ഞെടുത്ത് ഉപ്പ ഒരിക്കള്‍ നല്ല ഒരു പെട്ടിയുണ്ടാക്കിയത് ഇന്നും ഓര്‍ക്കുന്നു. ഉപ്പ ചിരട്ട കൊണ്ട് മനോഹരമായ കൈല്‍ (സ്പൂണ്‍) ഉണ്ടാക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ അമ്മാവന്‍ ചോദിച്ചു: ഉമ്മ എന്തെടുക്കുകയാണ്? ഞാന്‍ പറഞ്ഞു: ഞാന്‍ വരുമ്പോള്‍ കൈലു കുത്തുകയായിരുന്നു. അപ്പോള്‍ അമ്മാവന്‍ ചോദിച്ചു: അതെന്താണ് ഉപ്പക്ക് വേറെ പണിയൊന്നും ഇല്ലേ? അതെന്തേ ഞാന്‍ ആശ്ചര്യത്തോടെ നോക്കി. അപ്പോള്‍ അമ്മാവന്‍ പറഞ്ഞു: ഒന്നും പണിയില്ലെങ്കില്‍ പോയി കൈലു കുത്തൂ എന്ന ചൊല്ല് നീ കേട്ടിട്ടില്ലേ. ഒരു പണിയും ഇല്ലാത്തവര്‍ക്കുള്ള പണിയാണ് കൈലു കുത്തല്‍!
ഉമ്മയും കയറു പിരിച്ച് നല്ല ഉറി ഉണ്ടാക്കുമായിരുന്നു. കൂവ്വ പ്രോസസ് ചെയ്ത് പൊടിയുണ്ടാക്കുന്ന ടെക്നിക്ക് ഉമ്മയില്‍ നിന്നാണ് ഞാന്‍ ആദ്യമായി കണ്ടത്. (തുടരും…)