0%
Still working...

My Friends

എന്റെ കൂട്ടുകാര്‍

എനിക്കു സുഹൃത്തുക്കള്‍ താരതമ്യേന കുറവാണ്. ഉള്ളവരുമായും സൗഹൃദം നിലനിറുത്താന്‍ സാധിക്കാറില്ല. പഠിക്കുന്ന കാലത്ത് കുറേ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. പ്രവാസിയായപ്പോള്‍ ആ കണക്‌ഷനുകളും അറ്റു പോയി. പ്രവാസത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ വിരഹ വേദനകളിലൊന്നാണ് സൗഹൃദ നഷ്ടം. ഇവിടെ ചില സുഹൃത്തുക്കളെ പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ അത് അവരോടു ചെയ്യുന്ന ക്രൂരതയായിരിക്കുമെന്ന് കരുതുന്നു. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇവിടെ കൊടുക്കുന്നവരേക്കാള്‍ വേണ്ടപ്പെട്ടവര്‍ പുറത്തുണ്ടാകാന്‍ സാധ്യതയുണ്ട്. ഫോട്ടോ കിട്ടുന്ന മുറയ്ക്ക് പരമാവധി ചങ്കുകളെ ചേര്‍ക്കുന്നതാണ്. ഇതു ശ്രദ്ധയില്‍ പെടുന്ന ആത്മമിത്രങ്ങള്‍ അവരുടെ ഫോട്ടോ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നാസര്‍ അഹ്‌സനി കൈപ്പാണി

കല്ലാമൂല സഖാഫി

നാസര്‍ കൈപ്പാണി എന്നു ഞാന്‍ വിളിക്കുന്ന നാസര്‍ അഹ്‌സനിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് പഴഞ്ചന മദ്രസയില്‍ വെച്ചായിരിക്കും. റശീദുല്‍ ഇസ്‌ലാം മദ്രസക്ക് പള്ളിയുടെ പടിഞ്ഞാറു വശം ഒരു പഴയ കെട്ടിടമുണ്ടായിരുന്നു. അവിടെയുള്ള ഏഴാം ക്ലാസില്‍ എന്റെ ഉപ്പയുടെ ശിഷ്യനായി നാസറും ഉണ്ടായിരുന്നു. പത്താം ക്ലാസിലും ഞങ്ങള്‍ ഒരേ വര്‍ഷമാണ് പഠിച്ചത് (1986); പക്ഷേ ഡിവിഷന്‍ വേറെ. നാസര്‍ ഉറുദു എടുത്തപ്പോള്‍ ഞാന്‍ മലയാളമായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എന്നേക്കാള്‍ 10 മാര്‍ക്ക് കൂടുതല്‍ നാസറിനായിരുന്നു. അത് അദ്ദേഹം ഉറുദു സെക്കന്റ് ലാംഗ്വേജ് എടുത്തതു കൊണ്ടാണെന്ന് ഞാന്‍ അന്നു സമാധാനിച്ചു. മദ്രസ്സ എട്ടാം ക്ലാസ് കഴിഞ്ഞ ശേഷം കുറച്ചു കാലം ഞാന്‍ പഴഞ്ചന പള്ളിയില്‍ ഓതിയിരുന്നു. അപ്പോള്‍ ഉച്ചക്ക് ഭക്ഷണത്തിനു പോയിരുന്നത് നാസറിന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു. നാസറിന്റെ വീട്ടു പേര് യഥാര്‍ത്ഥത്തില്‍ കാഞ്ഞായി എന്നാണ്. ഉമ്മ നേരത്തെ മരണപ്പെട്ടതു കൊണ്ട് തരുവണ സ്വദേശിയായ ഉപ്പ വേറെ കല്ല്യാണം കഴിച്ചു പോയി. നാസര്‍ ഉമ്മയുടെ തറവാടായ കൈപ്പാണി ആലീക്കയുടെ വീട്ടില്‍ വളര്‍ന്നു. അങ്ങിനെ നാസര്‍ കൈപ്പാണി ആയി. നാസറിന്റെ അമ്മാവനായിരുന്ന സൂപ്പി ഉസ്താദിന്റെ കീഴില്‍ ചാപ്പനങ്ങാടി ദര്‍സില്‍ ഞങ്ങള്‍ രണ്ടു പേരും വീണ്ടും ഒരുമിച്ചു. ഞാന്‍ റമളാന്‍ കഴിഞ്ഞിട്ട് ദര്‍സില്‍ ചേര്‍ന്നു. നാസര്‍ വന്നത് രണ്ടു മാസം കഴിഞ്ഞ് വലിയ പെരുന്നാല്‍ കഴിഞ്ഞ ശേഷമാണ്. നാസര്‍ അന്നേ വലിയ പഠിപ്പിസ്റ്റായിരുന്നു. എന്റെ കുരുത്തക്കേടും നാസറിന്റെ സൂഫിസവും പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. എനിക്ക് അത്രത്തോളം ഭക്തനാകാന്‍ സാധിക്കുമായിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കാന്‍ കോളേജില്‍ ചേര്‍ന്നു. നാസറിനും ഒരര്‍ത്ഥത്തില്‍ ഉസ്താദിനും അതിനു വലിയ താല്പര്യമുണ്ടായിരുന്നില്ല. എറണാകുളം സുന്നി സമ്മേളനത്തോടനുബന്ധിച്ച മുസ്ലിം ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് ചാപ്പനങ്ങാടിയിലെ ദര്‍സ് പിരിച്ചു വിട്ടു. ഉസ്താദും നാസറടക്കമുള്ള മുഴുവന്‍ ശിഷ്യന്മാരും മുസ്തഫല്‍ ഫൈസിയുടെ സ്ഥാപനമായ അത്തിപ്പറ്റ മജ്‌ലിസിലേക്കു പോയി. ഞാന്‍ ഉസ്താദിന്റെ സഹായത്താല്‍ ചാപ്പനങ്ങാടി ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ കത്തുമായി കുണ്ടൂരിലെത്തി ഖാദിര്‍ മുസ്‌ലിയാരുടെ സ്ഥാപനത്തില്‍ ചേര്‍ന്നു. പിന്നീട് ഞങ്ങള്‍ എവിടെയും ഒരുമിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും നാസര്‍ പഴയ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. എന്റെ ഉപ്പയെ എല്ലാ വര്‍ഷവും കാണാന്‍ വരുന്ന ഒരേ ഒരു ശിഷ്യനെയേ ഞാന്‍ കണ്ടിട്ടുള്ളൂ. അത് നാസര്‍ അഹ്‌സനിയാണ്. ഇപ്പോള്‍ ഇദ്ദേഹം ബാഗ്ലൂരിലെ മര്‍ക്കിന്‍സ് ബാംഗ്ലൂര്‍ എന്ന സ്ഥാപനത്തിലെ പ്രധാന അധ്യാപകനാണ്. (തികഞ്ഞ ദീനീ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് മര്‍ക്കിന്‍സ്). ഏ.പി. ഹകീം അസ്‌ഹരിയുടെ മറ്റൊരുദ്യമം.

Kallamoola Muhahammed Saqafi

വിജ്ഞാനത്തിന്റെ പ്രഭ വിതറി പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയ സുഹൃത്ത് കല്ലാമൂല മുഹമ്മദ് സഖാഫിയെ ഈ കോളത്തില്‍ നിറകണ്ണുകളോടെ സ്മരിക്കട്ടെ. മര്‍ക്കസില്‍ പഠിക്കുന്ന രണ്ടു കൊല്ലം അടുത്തിട പഴകി. പിന്നീട് പലപ്പോഴും കാണുകയും ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു കൊണ്ട് ആ സൗഹൃദം പുതുക്കി. മരിക്കുന്നതിന്റെ ഒരു മാസം മുമ്പും ഏറെ നേരെ ഫോണില്‍ സംസാരിച്ചിരുന്നു. എന്റെ കഴിവുകള്‍ ചെറുതാണെങ്കിലും അതിനെ ബഹുമാനിക്കുവാന്‍ പ്രോത്സാഹിപ്പിക്കാനും കല്ലാമൂല എന്നും മുന്‍ പന്തിയില്‍ ഉണ്ടാകുമായിരുന്നു.
ആധുനി അറബി ഭാഷയില്‍ ഇത്രയേറെ പ്രാവീണ്യം നേടിയ മറ്റൊരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഖത്തു റു‌ക‌ഇയിലുള്ള അദ്ദേഹത്തിന്റെ മനോഹരമായ എഴുത്തു കാണുമ്പോള്‍ പലപ്പോഴും അസൂയ തോന്നിയിരുന്നു. ഞാന്‍ മുതവ്വല്‍ ഒന്നില്‍ പഠിക്കുമ്പോള്‍ അദ്ദേഹം മുതവ്വല്‍ രണ്ടിലായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനയായ ഇഹ്‌യാഉസ്സുന്നയില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഞാന്‍ മര്‍കസുല്‍ ഉലൂമിന്റെ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹം അസ്സഖാഫ അറബി മാസികയുടെ എഡിറ്ററായിരുന്നു. അദ്ദേഹത്തിന്റെ ചിരിയും നര്‍മ്മസംഭാഷണങ്ങളും ഇപ്പോഴും മനസ്സില്‍ നിന്നു മായുന്നില്ല. ദര്‍സു ജീവിതത്തിലെ കഠിനാധ്വാനം കൊണ്ടാണ് അറബി സാഹിത്യത്തില്‍ അപാരമായ കഴിവു നേടാന്‍ അദ്ദേഹത്തെ സഹായിച്ചത് എന്നാണറിഞ്ഞത്. വിദേശത്തു വന്ന് കൊളോക്കിയല്‍ അറബിയും സ്വായത്തമാക്കി. ഇന്ത്യയിലും വിദേശത്തുമായി പല സ്ഥാപനങ്ങളിലും ജോലി നോക്കിയിട്ടുണ്ടെങ്കിലും പല കാരണങ്ങളാലും എവിടെയും ഉറച്ചു നില്‍ക്കാനും സാമ്പത്തിക ഭദ്രത നേടാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല എന്നാണു മനസ്സിലായത്. അതു പ്രതിഭകളുടെ ഒരു വീക്ക്നെസ്സും കൂടിയാണ്. എന്നാല്‍ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹം സ്വന്തമായി ഒരു തട്ടകം വികസിപ്പിച്ചെടുക്കുകയും ഓണ്‍ ലൈന്‍ – ഓഫ് ലൈന്‍ ക്ലാസുകളിലായി ജന ശ്രദ്ധ ആകര്‍ഷിക്കുകയും മാതൃകാ പരമായ സേവനങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. അങ്ങിനെ കത്തി നില്‍ക്കുമ്പോഴാണ് ആ വെളിച്ചം പെട്ടെന്ന് കെട്ടു പോയത്. അല്ലാഹു അദ്ദേഹത്തിന്റെ ബര്‍സഖീ ജീവിതം ശോഭനമാക്കിക്കൊടുക്കട്ടെ.

Friends of Chappanangadi with Nasar