0%
Still working...

Hadees

തിരഞ്ഞെടുത്ത ഹദീസുകള്‍

നിശ്ചയം കർമ്മങ്ങൾ (സ്വീകരിക്കപ്പെടുന്നത്) ഉദ്ദേശ്യലക്ഷ്യം (പരിഗണിച്ചു) കൊണ്ടാകുന്നു. ഓരോ മനുഷ്യനും അവൻ കരുതിയത് ലഭിക്കും. ഒരാളുടെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായാൽ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായിരിക്കും. ഒരാളുടെ പലായനം ലഭിക്കാനിരിക്കുന്ന ദുനിയാവിലേക്കോ കെട്ടാൻ പോകുന്ന പെണ്ണിലേക്കോ ആണെങ്കിൽ അവന്റെ പലായനം അതു രണ്ടിലേക്കുമായിരിക്കും.(ബുഖാരി, മുസ്‌ലിം)

പ്രവാചകന്മാരുടെ ആദ്യ കാല ദിവ്യബോധനത്തിൽ നിന്നും അവസാനമായി ജനങ്ങൾക്കു ലഭിച്ചത് ‘ഉളുപ്പില്ലെങ്കിൽ നിനക്കു തോന്നിയതൊക്കെ ചെയ്തോളൂ’ എന്നായിരുന്നു. (ഇബ്നു അസാകിർ)

മതത്തിന്റെ ദുരന്തം മൂന്നു പേരാകുന്നു: തെമ്മാടിയായ പണ്ഡിതൻ, അക്രമിയായ ഭരണാധികാരി, വിവരകെട്ട ഗവേഷകൻ. (ദൈലമി)

ജ്ഞാനത്തിന്റെ ദുരന്തം മറവിയും ജ്ഞാനത്തിന്റെ നഷ്ടം അനർഹരായവരോടതു പറയലുമാകുന്നു. (ഇബ്നു അബീ ശൈബ)

കപട വിശ്വാസിയുടെ  ലക്ഷണം: നാവെടുത്താൽ കളവു പറയും, വാക്കു പറഞ്ഞാൽ ലംഘിക്കും, വിശ്വസിച്ചാൽ വഞ്ചിക്കും.  (ബുഖാരി, മുസ്ലിം, തിർമുദി, നിസാഇ).

നമ്മുടെയും കപട വിശ്വാസികളുടെയുമിടയിലുള്ള അടയാളം: ഇശാ നിസ്കാരത്തിനും സുബഹി നിസ്കാരത്തിനും സംബന്ധിക്കുക എന്നതാണ്‌. അവർക്കിതു രണ്ടിനും സാധിക്കില്ല. – (സുനൻ സഈദുബ്നു മൻസൂർ.

നല്ല കാര്യം ചെയ്യുക, മോശം കാര്യം ചെയ്യാതിരിക്കുക. ആളുകൾക്കിടയിൽ നിൽക്കുമ്പോൾ, നിന്റെ കാതുകളെ അത്ഭുതപ്പെടുത്തുന്നതെന്താണോ അവർ നിന്നെപ്പറ്റി പറയാൻ നീ ആഗ്രഹിക്കുന്നത് എന്നു നോക്കി അത്തരം കാര്യങ്ങൾ ചെയ്യുക. അവർക്കിടയിലാവുമ്പോൾ അവരെന്താണോ നിന്നെക്കുറിച്ച് പറയാൻ നീ ആഗ്രഹിക്കാത്തത് അത്തരം കാര്യങ്ങൾ ചെയ്യാതെയുമിരിക്കുക. (ബൈഹഖി)

29- നിന്റെ ‘കൃഷിയിടത്തിൽ’ നിനക്കു തോന്നുമ്പോഴൊക്കെ കടന്നു ചെല്ലാം. നീ ഭക്ഷിക്കുമ്പോൾ അവൾക്കും ഭക്ഷണം നൽകുക. നീ അണിയുമ്പോൾ അവളെയും അണിയിക്കുക. മുഖം ചുളിക്കരുത്, അടിക്കുകയും ചെയ്യരുത്. (അബൂ ദാവൂദ്)

31- ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ച് പോകണം. (മുസ്‌ലിം)

32- ഒലീവെണ്ണ കൊണ്ടു പാകം ചെയ്യുക. അതു കൊണ്ട് എണ്ണപുരട്ടുകയും ചെയ്യുക. വിശുദ്ധമായ ഒരു വൃക്ഷത്തിൽ നിന്നാണ്‌ അതു പുറത്തു വരുന്നത്. (ബൈഹഖി)

38- വിശ്വാസിയുടെ കൊലയാളിക്ക് അല്ലാഹു പാപമോചനം നിഷേധിച്ചിരിക്കുന്നു. (ത്വബ്‌റാനി)

40- പുത്തൻ വാദമുപേക്ഷിക്കുന്നതു വരേ പുത്തനാശയക്കാരന്റെ കർമ്മം സ്വീകരിക്കാൻ അല്ലാഹു വിസമ്മതിക്കുന്നതാണ്‌. (ഇബ്‌നു മാജ)

43- നിന്നോട് അവിവേകം കാണിച്ചവനോട് അനുകമ്പ ചൊരിഞ്ഞും നിനക്കു തരാത്തവന്‌ അങ്ങോട്ട് കൊടുത്തും നീ അല്ലാഹുവിന്റെ പക്കൽ നിന്നും ഔന്നിത്യം തേടുക. (ഇബ്നു അദിയ്യ്)

46- ദാനം ആദ്യം നിന്നിൽ നിന്നു തന്നെ തുടങ്ങുക. അതിനു ശേഷം വല്ലതും ബാക്കി വന്നാൽ അതു നിന്റെ കുടുംബത്തിനു നല്കുക. അവർക്കു കൊടുത്ത ശേഷവും വല്ലതും ബാക്കി വന്നാൽ തൊട്ടടുത്ത കുടുംബത്തിനു കൊടുക്കുക. അവർക്കു കൊടുത്തിട്ടും ബാക്കി വന്നാൽ പിന്നെ അതിനടുത്ത്.. അങ്ങനെ അങ്ങനെ… (നിസാഇ)

56- അടിമകളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളത് സ്വന്തം കർമ്മങ്ങളേക്കാൾ സ്വന്തം വസ്ത്രം ഉഷാറായ ആളോടാണ്‌; അതായത് വസ്ത്രം പ്രവാചകന്മാരുടേത്, കർമ്മമോ പോക്കിരിമാരുടേതും. (ഉഖൈലി ഫി ദുഅഫാഅ്)

58- ദുർബ്ബലരുടെയിടയിൽ എന്നെ നിങ്ങൾ അന്വേഷിക്കുക. നിശ്ചയം നിങ്ങൾക്ക് അന്നവും സഹായവും ലഭിക്കുന്നത് നിങ്ങളിലെ ദുർബ്ബലരെ കൊണ്ടാണ്‌. 

59- സ്വന്തമായി (അധികാരികളുടെ) ശ്രദ്ധയിൽ പെടുത്താൻ കഴിയാത്തവരുടെ ആവശ്യങ്ങൾ നിങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തിക്കൊടുക്കുക. അവർക്ക് എത്തിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഒരാൾ എത്തിച്ചു കൊടുത്താൽ പരലോകത്ത് സ്വിറാത്ത് (പാലത്തി)നു മുകളിൽ അവന്റെ രണ്ടു കാലുകളും അല്ലാഹു ഉറപ്പിച്ചു നിർത്തും. (ത്വബ്‌റാനി).

64 – മനുഷ്യാ നീ നിന്റെ നാഥനെ അനുസരിക്കുക; എന്നാൽ നിന്റെ പേർ ബുദ്ധിമാൻ എന്നായിരിക്കും. നീ അവനോട് അനുസരണക്കേടു കാണിക്കാതിരിക്കുക. അപ്പോൾ നിന്റെ പേര്‌ വിഡ്ഢി എന്നായിരിക്കും. (അബൂ നഈം)

50 – ഭക്ഷണം തണുക്കാൻ വെക്കുക, പൊള്ളുന്ന ഭക്ഷണത്തിൽ ബറകത്ത് ഉണ്ടാവില്ല. (ബുഖാരി, മുസ്ലിം)

53 – അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ള സംഗതിയാണ്‌ വിവാഹ മോചനം. 

62- പള്ളികൾ പണിയുക, പള്ളികളിൽ നിന്നും മാലിന്യം പുറത്തു കളയുക. അല്ലാഹുവിനായി ഒരാൾ ഒരു പള്ളി നിർമ്മിച്ചാൽ അല്ലാഹു അവന്‌ സ്വർഗ്ഗത്തിൽ ഒരു ഭവനം നിർമ്മിച്ചു നൽകും. പള്ളികളിൽ നിന്നും മാലിന്യം നീക്കൽ ഹൂറികളുടെ വിവാഹ മൂല്യമാകുന്നു.

65 – മനുഷ്യ പുത്രാ, നിനക്കു മതിയായത് നിന്റെ പക്കലുണ്ട്. നീയാണെങ്കിലോ നിന്നെ പരാക്രമിയാക്കുന്ന സംഗതികളെയാണ്‌ അന്വേഷിക്കുന്നത്. മനുഷ്യ പുത്രാ, കുറഞ്ഞതു കൊണ്ട് നീ തൃപ്തനാകുന്നില്ല. കൂടുതലായി കിട്ടിയിട്ടും നിനക്കു വയറു നിറയുന്നുമില്ല. മനുഷ്യ പുത്രാ, നേരം പുലരുമ്പോൾ തടിക്കു സുഖവും വീട്ടിൽ സുരക്ഷിതത്വവും അന്നത്തെ ഭക്ഷണവും നിന്റെ പക്കലുണ്ടെങ്കിൽ ദുനിയാവിൽ നിനക്കു വേണ്ടതെല്ലാമായി. (ഇബ്നു അദിയ്യ്, ബൈഹഖി)

89 – ജിബ്‌രീൽ എന്റെയടുത്ത് വന്നു കൊണ്ട് പറഞ്ഞു: ‘ഓ മുഹമ്മദ്, ആഗ്രഹിക്കുന്നിടത്തോളം ജീവിച്ചോളൂ; താങ്കൾ ജഢമാകുന്നു. ആഗ്രഹിക്കുന്നവനെയൊക്കെ സ്നേഹിച്ചോളൂ; താങ്കൾ അവനോട് വിട പറയുന്നവനാണ്‌. ആഗ്രഹിക്കുന്ന കർമ്മങ്ങളൊക്കെ ചെയ്തോളൂ. ഏതിനും താങ്കൾക്ക് പ്രതിഫലം ലഭിക്കും. അറിയുക; ഒരു വിശ്വാസിയുടെ പ്രതാപം രാത്രിയിലുള്ള അവന്റെ നിസ്കാരമാകുന്നു. അവന്റെ അഭിമാനമോ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കലും. (ഹാകിം, ബൈഹഖി)

90 – അല്ലാഹുവിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെയടുത്ത് വന്നിട്ട് എന്റെ സമുദായത്തിലെ പകുതി പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാം അല്ലെങ്കിൽ ശിപാർശക്കധികാരം നല്കാം എന്നീ രണ്ടു കാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ എനിക്ക് സ്വാതന്ത്ര്യം തന്നു. ഞാൻ ശിപാർശയെ തിരഞ്ഞെടുത്തു. അല്ലാഹുവിൽ ഒന്നിനേയും പങ്കു ചേർക്കാതെ മരിക്കുന്നവർക്കാകുന്നു അതു ലഭിക്കുക. (അഹ്‌മദി, തിർമുദി, ബൈഹഖി).

94. പണ്ഡിതന്മാരെ നിങ്ങൾ പിന്തുടരുക. നിശ്ചയം പണ്ഡിതന്മാർ ദുനിയാവിലെ വിളക്കുകകളും പരലോകത്തെ ദീപങ്ങളുമാകുന്നു. 

97. നിന്റെ ഹൃദയം നിർമ്മലമായിത്തീരാനും നിന്റെ ആവശ്യങ്ങൾ നിറവേറാനും നീ ആഗ്രഹിക്കുന്നുവെങ്കിൽ അനാഥനോട് കരുണ കാണിക്കുക, അവന്റെ തലയിൽ തലോടുക, നിന്റെ ഭക്ഷണത്തിൽ നിന്ന് അവനെയും ഭക്ഷിപ്പിക്കുക; നിന്റെ ഹൃദയം നിർമ്മലമായിത്തീരും, നിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടും.

115. നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, ദുഷ്കർമ്മങ്ങൾക്കു പിറകെ ഉടൻ സൽകർമ്മങ്ങൾ ചെയ്യുക, എങ്കിൽ അത് മറ്റേതിനെ മായ്ച്ചു കളയുന്നതാണ്‌. 

116. അല്ലാഹുവിനെ സൂക്ഷിക്കുക, നല്ല കാര്യങ്ങളിൽ ഒന്നിനെയും നിസ്സാരമായി കാണാതിരിക്കുക; വെള്ളം ചോദിച്ചവന്റെ പാത്രത്തിലേക്ക് നിന്റെ തൊട്ടിയിൽ നിന്ന് പാർന്നു കൊടുക്കുകയും നിന്റെ സഹോദരനെ വിടർന്ന മുഖവുമായി നീ കണ്ടു മുട്ടുകയും ചെയ്യുന്ന (ചെറിയ) കർമ്മങ്ങളായാൽ പോലും (ഒന്നിനെയും നീ കുറച്ചു കാണരുത്).

നീ നിന്നെ സൂക്ഷിക്കണം, മുണ്ട് നെരിയാണിയും വിട്ട് താഴ്ത്തുന്നതും ശ്രദ്ധിക്കണം. അങ്ങനെ താഴ്ത്തുന്നത് അഹങ്കാരത്തിൽ പെട്ടതാണ്‌. അത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. 

നിന്നിലില്ലാത്ത വല്ലതിന്റെയും പേരിൽ ഒരാൾ നിന്നെ ചീത്ത പറയുകയും അധിക്ഷേപിക്കുകയും ചെയ്താൽ അവനിലുള്ള ഒരു സംഗതിയുടെ പേരിൽ നീ അവനെ അവഹേളിക്കരുത്. അവനെ അവന്റെ പാട്ടിനു വിടുക. അതിന്റെ പ്രതിഫലം നിനക്കാകുന്നു. നീ ഒരിക്കലും ആരെയും ചീത്ത പറയരുത്. (ഇബ്നു ഹിബ്ബാൻ).

118. ഹറാമുകളെ വർജ്ജിക്കുക; എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ഭക്തനായിത്തീരും. അല്ലാഹു നിനക്കു കണക്കാക്കിയതു കൊണ്ട് നീ തൃപ്തനാവുക; എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ധനികനായിത്തീരും. നിന്റെ അയൽവാസിയ്ക്കു നീ നന്മ ചെയ്യുക; എങ്കിൽ നീ വിശ്വാസിയായിത്തീരും. നിനക്കിഷ്ടപ്പെടുന്നതെന്തോ അത് ജനങ്ങൾക്കുമുണ്ടാകാൻ നീ ആഗ്രഹിക്കുക; എങ്കിൽ നീ മുസ്‌ലിമായിത്തീരും. കൂടുതലായി ചിരിക്കരുത്; നിശ്ചയം, ചിരിയുടെ ആധിക്യം ഹൃദയത്തെ കൊന്നു കളയും.  

119. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നീ സൂക്ഷിക്കണം. നിശ്ചയം അല്ലാഹുവിനോടവൻ ചോദിക്കുന്നത് അവന്റെ അവകാശമാണ്‌. ഒരുത്തന്റെയും അവകാശം അല്ലാഹു ഒരിക്കലും തടഞ്ഞു വെക്കില്ല. (ഖത്വീബ്)

121. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കണം. മക്കൾക്കിടയിൽ നിങ്ങൾ നീതി പ്രവർത്തിക്കുകയും വേണം. (ബുഖാരി, മുസ്‌ലിം).

122. അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളോടെങ്ങിനെ നിങ്ങളുടെ മക്കൾ ഗുണം ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു പോലെ അവർക്കിടയിലും നിങ്ങൾ നീതിപൂർവ്വം വർത്തിക്കുവിൻ( ത്വബ്‌റാനി).

126. രണ്ടു ദുർബ്ബലരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അടിമകളും സ്ത്രീകളുമാണവർ! (ഇബ്നു അസാകിർ)

128. നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിസ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ വലം കൈ ഉടമയാക്കിയ അടിമകളുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ വലം കൈ ഉടമയാക്കിയ അടിമകളുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. രണ്ടു ദുർബ്ബലരുടെ കാര്യത്തിലും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. വിധവയായ സ്ത്രീയും അനാഥനായ കുഞ്ഞുമാണ്‌ (ആ രണ്ടു പേർ).

129. അല്ലാഹുവിനെ സൂക്ഷിക്കുക, കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുക. (ഇബ്നു അസാകിർ)

135. അക്രമത്തെ സൂക്ഷിക്കുക, അക്രം അന്ധ്യ നാളിലെ അന്ധകാരങ്ങളാകുന്നു.

143. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാത്തു കൊള്ളണം.

144. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നരകത്തെ നിങ്ങൾ കാത്തു കൊള്ളണം. അതും കിട്ടിയില്ലെങ്കിൽ ഒരു നല്ല വാക്കു കൊണ്ടെങ്കിലും. (ബുഖാരി, മുസ്‌ലിം, അഹ്‌മദ്)

148. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നിങ്ങൾ കരുതിയിരിക്കുക, മേഘത്തിനു മുകളിൽ അതു വഹിക്കപ്പെടും. അല്ലാഹു പറയും: ‘എന്റെ അന്തസ്സും പ്രതാപവും സാക്ഷി, കുറച്ചു കഴിഞ്ഞിട്ടാണെങ്കിലും ഞാൻ നിന്നെ സഹായിക്കുക തന്നെ ചെയ്യും. (ത്വബ്‌റാനി).

149. അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക, തീപ്പൊരി കണക്കെ അത് ആകാശത്തിലേക്കു കയറിപ്പോകും. (അൽ ഹാകിം)

150. അക്രമിക്കപ്പെട്ടവൻ കാഫിറാണെങ്കിൽ പോലും അവന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക; കാരണം അതിനിടയിൽ മറകളൊന്നുമില്ല. (അഹ്‌മദ്, അഹൂ യഅ്ല)

162. രണ്ടു പേരുടെ നേർക്ക് അന്ത്യനാളിൽ അല്ലാഹു നോക്കുക പോലുമില്ല. കുടുംബ ബന്ധം മുറിച്ചവൻ മോശം അയൽക്കാരൻ (എന്നിവരാണവർ). (ദൈലമി)

163. ഒരാളേക്കാൾ കൂടുതൽ നല്ലത് രണ്ടു പേരാണ്‌. രണ്ടു പേരേക്കാൾ കൂടുതൽ നല്ലത് മൂന്നു പേരാണ്‌. മൂന്നു പേരേക്കാൾ കൂടുതൽ നല്ലത് നാലു പേരും. അതു കൊണ്ട് നിങ്ങൾ സംഘടിതരായിരിക്കുക. നിശ്ചയം അല്ലാഹു എന്റെ സമുദായത്തെ നേരായ വഴിയിൽ മാത്രമേ സംഘടിപ്പിക്കുകയുള്ളൂ. (അഹ്‌മദ്).

167. രണ്ടു (പാപങ്ങൾക്കുള്ള) ശിക്ഷ അല്ലാഹു ദുനിയാവിൽ നിന്നു തന്നെ നൽകും. അക്രമം, മാതാപിതാക്കളെ ദ്രോഹിക്കുക (എന്നിവയാണവ). (ഹാകിം)

171. ഏഴു കൊടും പാപങ്ങളിൽ നിന്നും നിങ്ങൾ വിട്ടു നിൽക്കുക. അല്ലാഹുവിൽ പങ്കുചേർക്കുക. മാരണം ചെയ്യുക, അല്ലാഹു പവിത്രത നൽകിയ ഒരു ശരീരത്തെ അന്യായമായി കൊല്ലുക. പലിശ തിന്നുക, അനാഥന്റെ ധനം ഭക്ഷിക്കുക, യുദ്ധം മുറുകിയ സമയത്ത് തിരിഞ്ഞോടുക, പതിവ്രതരും നിഷ്കളങ്കരുമായ വിശ്വാസിനികൾക്കെതിരെ അപവാദം പറയുക (എന്നിവയാകുന്നു ആ പാപങ്ങൾ). (ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്, നിസാഇ)

172. മദ്യം വർജ്ജിക്കുക; അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു. (ഹാകിം, ബൈഹഖി)

173. മുഖത്തെ ഒഴിവാക്കുക; അവിടെ അടിക്കരുത്. (ഇബ്നു അദിയ്യ്)

179. എല്ലാ ലഹരി പദാർത്ഥങ്ങളും വർജ്ജിക്കുവിൻ. (ത്വബ്‌റാനി).

187. നിങ്ങളുടെ വീട്ടിൽ വെച്ചും നിസ്കരിക്കണം. അതിനെ നിങ്ങൾ ഒരു കുഴിമാടമാക്കി മാറ്റരുത്. (അഹ്‌മദ്, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്).

196. അല്ലാഹുവിങ്കൽ ഏറ്റവും ഇഷ്ടപ്പെട്ട കർമ്മം സമയത്തിനു നിസ്കരിക്കുക, പിന്നെ മാതാപിതാക്കൾക്കു ഗുണം ചെയ്യുക, പിന്നെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യുക എന്നിവയാണ്‌. (അഹ്‌മദ്, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നിസാഇ)

197. കർമ്മങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്, കുറഞ്ഞതാണെങ്കിലും, സ്ഥിരമായി ചെയ്യുന്നതാണ്‌. 

199. എനികേറ്റവും ഇഷ്ടപ്പെട്ട കർമ്മങ്ങൾ പാവപ്പെട്ടവൻ വിശക്കുമ്പോൾ ഭക്ഷണം കൊടുക്കുക, അവന്റെ കടങ്ങൾ കൊടുത്തു വീട്ടുക, അവന്റെ പ്രയാസങ്ങൾ പരിഹരിച്ചു കൊടുക്കുക എന്നിവയാണ്‌. (ത്വബ്‌റാനി).

200. കർമ്മങ്ങളിൽ – നിർബന്ധങ്ങൾക്കു ശേഷം – അല്ലാഹുവിന്‌ ഏറ്റം ഇഷ്ടപ്പെട്ടത് ഒരു വിശ്വാസിക്ക് സന്തോഷം നല്കുക എന്നതാണ്‌. (ത്വബ്‌റാനി)

201. അല്ലാഹുനിങ്കൾ ഏറ്റവും ഇഷ്ടപ്പെട്ട കർമ്മം നാവിനെ സൂക്ഷിക്കലാകുന്നു. ( )

206. പേരുകളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ല, അബ്ദു റഹ്‌മാൻ എന്നിവയാകുന്നു. 

209. ഓരോ നാട്ടിലും അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടയിടം അവിടുത്തെ പള്ളികളും ഏറ്റവും വെറുപ്പുള്ളയിടം അവിടുത്തെ അങ്ങാടികളുമാണ്‌. (അഹ്‌മദ്, ഹാകിം).

213. കൈകൾ അധികരിച്ച ഭക്ഷണമാണ്‌ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്. (ബൈഹഖി, ഇബ്നു ഹിബ്ബാൻ).

217. സ്വന്തം കുടുംബത്തിന്‌ കൂടുതൽ ഉപകാരപ്രദമായിരിക്കുന്നവനാരോ അവനോടാകുന്നു അല്ലാഹുവിന്‌ തന്റെ അടിമകളിൽ ഏറ്റവും ഇഷ്ടം. 

218. തന്റെ ദാസന്മാരിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടമുള്ളത് സൽ സ്വഭാവികളോടാണ്‌. (ത്വബ്‌റാനി).

219. നിങ്ങളുടെ വീടുകളിൽ അല്ലഹുവിന്‌ ഏറ്റവും ഇഷ്ടമുള്ളത് ആദരിക്കപ്പെടുന്ന അനാഥനുള്ള വീടാകുന്നു. (ബൈഹഖി)

221. നിങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടം, കുറഞ്ഞ രുചിയും മെലിഞ്ഞ ശരീരവുമുള്ളവരോടാണ്‌. (ദൈലമി)

222. നിങ്ങൾക്ക് സ്വന്തം ഇഷ്ടപ്പെടുന്നതെന്തോ അത് മറ്റുള്ളവർക്കും ഇഷ്ടപ്പെടുക. 

225. അറബികളെ മൂന്നു കാരണത്താൽ നിങ്ങൾ സ്നേഹിക്കുക; ഞാൻ ഒരറബിയാകുന്നു, ഖുർ‌ആൻ അറബിയിലാകുന്നു, സ്വർഗ്ഗ നിവാസികളുടെ ഭാഷ അറബിയാകുന്നു (എന്നിവയാണവ). 

231. ജനങ്ങൾക്കു തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ കരുതിയിരിക്കുക.

234. മുഖത്തുനോക്കി പ്രശംസിക്കുന്നവരുടെ മുഖത്തേക്ക് നിങ്ങൾ മണ്ണുവാരിയെറിയുക. (തിർമുദി)

263. നിന്റെ രണ്ടു താടിയെല്ലുകൾക്കിടയിലുള്ളതിനെയും നിന്റെ രണ്ടു കാലുകൾക്കിടയിലുള്ളതിനെയും സൂക്ഷിക്കുക.

265. നിന്റെ പിതാവിന്റെ സൌഹൃദം നീയും നിലനിർത്തുക, അത് വിച്ഛേദിക്കരുത്. അങ്ങനെ ചെയ്താൽ അല്ലാഹു നിന്റെ പ്രകാശം കെടുത്തിക്കളയും. 

280. എനിക്കു ശേഷം എന്റെ സമുദായത്തിൽ രണ്ടു കാര്യങ്ങളെയാണ് ഞാൻ ഭയക്കുന്നത്. വിധിയെ നിഷേധിക്കുക, നക്ഷത്രങ്ങളില്‍ വിശ്വസിക്കുക (എന്നിവയാണവ). 

286. മൈലാഞ്ചി കൊണ്ട് ചായം പൂശുക. അതു നിങ്ങളുടെ യൌവ്വനത്തെയും സൌന്ദര്യത്തെയും ലൈംഗിക ശേഷിയേയും വർദ്ധിപ്പിക്കും.(ബസ്സാർ, അബൂ ന‌‌ഈം)

289.  ഭരണാധികാരി സമ്മാനം സ്വീകരിക്കൽ ഹറാമാകുന്നു. ന്യായാധിപൻ കൈക്കൂലി വാങ്ങുന്നത് ദൈവനിഷേധവുമാണ്. (അഹ്‌മദ്, ബുഖാരി).

294. അഭിലാഷങ്ങൾ പൂവണിയാൻ തന്റെ രണ്ടു കൈകളെയും പരിക്ഷീണനാക്കുകയും ഒരിക്കൽ പോലും ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ അതു സഹായിക്കാതിരിക്കുകയും അങ്ങനെ വെറും കയ്യോടെ ദുനിയാവിൽ നിന്നും വിട പറഞ്ഞ് അല്ലാഹുവിന്റെ മുമ്പിൽ ഒരൊഴിവു കഴിവും പറയാനില്ലാതെ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടി വരുന്ന മനുഷ്യനാണ് ജനങ്ങളിൽ വെച്ച് ഏറ്റവുമധികം നഷ്ടം സംഭവിച്ചവൻ. (ഇബ്നു നജ്ജാർ).

295. എന്റെ സമുദായത്തിൽ ഞാനേറ്റവുമധികം പേടിക്കുന്നത് കുടവയറും നീണ്ട ഉറക്കവും അലസതയും ദുർബ്ബലമായ നിശ്ചയ ദാർഢ്യവുമാണ്. 

301. ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ചെരിപ്പുകളഴിച്ചു വെക്കുക, അതൊരു നല്ല ശീലമാകുന്നു. 

306. എന്റെ സമുദായത്തിൽ ഞാനേറ്റവും പേടിക്കുന്നത് ദേഹേച്ഛയേയും അടങ്ങാത്ത അഭിലാഷത്തേയുമാണ്. 

308. നിന്നെ വിശ്വസിച്ചേൽ‌പ്പിച്ചവന്റെ സൂക്ഷിപ്പു സ്വത്ത് നീ തിരിച്ചു കൊടുക്കുക. നിന്നെ വഞ്ചിച്ചവനെ നീ വഞ്ചിക്കാതിരിക്കുക. 

309. അല്ലാഹു നിന്റെ മേൽ നിർബന്ധമാക്കിയ കാര്യങ്ങളെ നീ അനുഷ്ഠിക്കുക, എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ഭക്തനാകും. അല്ലാഹു നിഷിദ്ധമാക്കിയത് നീ വർജ്ജിക്കുക, എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ സൂക്ഷ്മാലുവാകും. അല്ലഹു നിനക്കു വീതിച്ചു തന്നത് കൊണ്ട് സംതൃപ്തനാവുക, എങ്കിൽ നീ ജനങ്ങളിൽ വെച്ചേറ്റവും വലിയ ധനികനാകും.