- Mahmoud Darwish
- Nizar Qabbani
- Ahmad Matar
- Amal Danqal
നിസാര്‍ ഖബ്ബാനി



നിസാർ ഖബ്ബാനി (1923-1998)
ആധുനിക അറബിക്കവികളിൽ മൂന്നോ നാലോ ജനപ്രിയ കവികളെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ സിറിയക്കാരനായ നിസാർ ഖബ്ബാനിയായിരിക്കും. മലയാളത്തിലെ ചങ്ങമ്പുഴയോട് ഇദ്ദേഹത്തിന് ഏറെ സാദൃശ്യങ്ങളുണ്ട്. മണ്ണ്, പെണ്ണ്, അനുരാഗം എന്നിവയാണ് ഇഷ്ട വിഷയം. “ശാഇറുൽ മർഅ – പെൺ കവി” എന്നാണ് ഇദ്ദേഹത്തിന്റെ അപരനാമം. അറബികളുടെ വാനമ്പാടിയായിരുന്ന ഉമ്മുകുൽസൂം ഖബ്ബാനിയുടെ പലകവിതകൾക്കും ഈണം നല്കിയിട്ടുണ്ട്. കവി എന്നതിനു പുറമെ പയറ്റിത്തെളിഞ്ഞ ഒരു ഡിപ്ലോമാറ്റ് കൂടിയായിരുന്നു നിസാർ ഖബ്ബാനി.
സിറിയയിലെ ഡമാസ്കസിൽ 1923-ൽ ജനിച്ചു.
ഡമസ്കസിലെ നാഷനൽ സൈന്റിഫിക് കോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം സിറിയൻ യൂണിവേർസിറ്റിയിൽ നിയമ പഠനത്തിനു ചേർന്നു. 1945-ൽ നിയമ ബിരുദം നേടിയ ഖബ്ബാനി പിന്നീട് സിറിയൻ വിദേശ കാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായി സേവനമാരംഭിച്ചു. ബൈറൂത്, കൈറോ, ഇസ്താൻബൂൾ, മാദ്രിഡ്, ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ സിറിയൻ എംബസികളിൽ അദ്ദേഹം സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചു.
നിസാർ ഖബ്ബാനി തന്നെക്കുറിച്ചു തന്നെ പറഞ്ഞിതിങ്ങനെയാണ്.
“പൂക്കളും വെള്ളവും ധാരാളമായുള്ള ദിമഷ്കിലെ ഒരു പുരാതന തറവാട്ടിൽ 1923 മാർച്ചിൽ ഞാൻ ജനിച്ചു. എന്റെ പിതാവ് തൌഫീഖ് ഖബ്ബാനി നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യപാരിയായിരുന്നു. ദേശീയ പ്രസ്ഥാന പ്രവർത്തനങ്ങൾക്കായി അദ്ദേഹം ആയുസ്സും സമ്പാദ്യങ്ങളും വാരിക്കോരി ചെലവഴിച്ചു. അപ്പൂർവമായി കാണുന്ന പ്രതിഭയും കവിതകളോടുള്ള അനുരാഗവുമടക്കം അദ്ദേഹത്തിന്റെ എല്ലാ കഴിവുകളും മനോഹരങ്ങളായിരുന്നു. നടനും ഗ്രന്ഥകാരനും കവിയുമായ അമ്മാവൻ ഖലീൽ ഖബ്ബാനിയിൽ നിന്നും അനന്തരം കിട്ടിയതാണ് എന്റെ പിതാവിന്റെ സാഹിത്യത്തോടുള്ള വാസന. വസ്തുതകളെ കണ്ടെത്തുന്നതിലും കണ്ടെത്തിയവെ തച്ചുടച്ചുടക്കുന്നതിലും പിന്നീടവയ്ക്കു അത്യപൂർവങ്ങളായ പുതിയ രൂപങ്ങൾ നല്കുന്നതിലും ഏറ്റവും മനോഹരമായ നിഗൂഢതകളെ തേടിപ്പിടിക്കാൻ ഭംഗിയുള്ള കളിപ്പാട്ടങ്ങളെ നശിപ്പിക്കുന്നതിലും എന്റെ ബാല്യം പ്രത്യേക താല്പര്യം കാണിച്ചു. ചെറുപ്പത്തിൽ എനിക്കു വരക്കാനായിരുന്നു കൂടുതൽ ഇഷ്ടം. അഞ്ചു മുതൽ പന്ത്രണ്ടു വയസ്സു വരേ ഞാൻ നിറങ്ങളുടെ ലോകത്ത് മുങ്ങിക്കളിച്ചു. നിലവും ചുമരുകളും കൈ എത്തുന്ന സ്ഥലമാകെയും പുതിയ രൂപങ്ങൾക്കായി ഞാൻ മലിനമാക്കി. പിന്നീടു ഞാൻ സംഗീതത്തിലേക്കു തിരിഞ്ഞു. പക്ഷെ എന്റെ സെക്കണ്ടറി പഠനത്തിലെ ഏടാകൂടങ്ങൾ ഈ വിനോദത്തിൽ നിന്നും പിന്മാറാൻ എന്നെ നിർബന്ധിച്ചു“.
ചില സംഭവങ്ങൾ – ചില സ്വാധീനങ്ങൾ:
പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ സഹോദരി ആത്മഹത്യ ചെയ്തു. അപ്പോളവർക്ക് ഇരുപ്പത്തഞ്ച് വയസ്സായിരുന്നു. തനിക്കിഷ്ടമില്ലാത്ത ഒരു കല്യാണത്തിനു നിർബന്ധിച്ചതായിരുന്നു മരണ കാരണം. ഈ സംഭവം നിസാറിലെ കവിയെ വല്ലാതെ പ്രകോപിപ്പിച്ചു. അവരെ ആത്മഹത്യക്കു പ്രേരിപ്പിച്ച സാമൂഹ്യ സാഹചര്യങ്ങൾക്കെതിരെ പോരാടുവാൻ അദ്ദേഹം തീരുമാനിച്ചു. താങ്കളൊരു വിപ്ളവക്കവിയാണോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്. “സ്നേഹം അറബു ലോകത്ത് തടവുകാരനെപ്പോലെയാണ്. എനിക്കതിനെ സ്വതന്ത്രയാക്കണം. അറബികളുടെ ആത്മാവിനെയും വികാരത്തെയും എന്റെ കവിതകൾ കൊണ്ടെനിക്ക് മോചിപ്പിക്കണം. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം നമ്മുടെ സമൂഹത്തിൽ അത്രമേൽ ആരോഗ്യകരമല്ല.”
1967-ൽ ഈജിപ്ത്, ജോർദാൻ, സിറിയൻ സഖ്യത്തിന് ഇസ്രയേലിൽ നിന്നു നേരിട്ട പരാജയവും അദ്ദേഹത്തിന്റെ കവിതകളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മകൻ തൌഫീഖ് പതിനേഴാവയസ്സിൽ ഹൃദയ സംബന്ദമായ രോഗത്താൽ മരണപ്പെട്ടു. മകനു വേണ്ടിയുള്ള വിലാപ കാവ്യമാണ് “ദിമഷ്ഖിന്റെ രാജകുമാരൻ തൌഫീഖ് ഖബ്ബാനിക്ക്” എന്നത്. അദ്ദേഹത്തിന്റെ ഇറാഖീ വംശജയായ രണ്ടാം ഭാര്യ ബല്ഖീസ് ലബനാൻ ആഭ്യന്തര കലാപത്തിന്റെ കാലത്ത് ബൈറൂത്തിലെ ഇറാഖീ എംബസിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. “ബല്ഖീസ്” എന്ന കവിത അവരുടെ സ്മരണാർത്ഥം രചിച്ചതാണ്. ബല്ഖീസിന്റെ മരണത്തിനു ശേഷം നിസാർ ബെയ്റൂത്തിൽ നിന്നും പാരീസ്, ജെനീവ എന്നിവിടങ്ങളിലൊക്കെ മാറി മാറി താമസിച്ചു. ഒടുവിൽ ലണ്ടനിൽ സ്ഥിര താമസമാക്കി. അവസാനത്തെ പതിനഞ്ചു കൊല്ലം ലണ്ടനിൽ തന്നെയായിരുന്നു. അക്കാലത്തെഴുതിയ പല രാഷ്ട്രീയ കവിതകളും തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. “എപ്പോഴാണവർ അറബികളുടെ മരണം പ്രഖ്യാപിക്കുന്നത്?”, “അൽ മുഹർവിലൂൻ” എന്നിവ അത്തരം കാവ്യങ്ങളിൽ പ്രസിദ്ധമാണ് 1998 ഏപ്രിൽ 30-ന് തന്റെ 75-ആം വയസ്സിൽ ലണ്ടനിൽ വെച്ച് നിസാർ ഖബ്ബാനി അന്തരിച്ചു.