പത്തു സഹാബികള്‍: പൂങ്കാവനം ബുക്സ്

തിരഞ്ഞെടുത്ത പത്തു സഹാബികളുടെ ഹ്രസ്വ ചരിത്രം വിവരിക്കുന്ന പുസ്തകമാണിത്. അബ്ദു റഹ്മാന്‍ റഅ്‌ഫത് അല്‍ ബാഷായുടെ പ്രസിദ്ധമായ സുവറുന്‍ മിന്‍ ഹയാതിസ്സഹാബ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി തയ്യാറാക്കിയ കൊച്ചു ചരിത്ര പുസ്തകമാണിത്. പത്തു സ്വഹാബികളെ തിരഞ്ഞെടുത്തതിലെ മാനദണ്ഡം അവരുടെ ജീവിതത്തിന്റെ വൈചിത്ര്യമാണ്. വായനക്കാര്‍ക്ക് അത് ഒരു നവ്യാനുഭവമാകുമെന്നു കരുതി. ഇതില്‍ പ്രതിപാദിക്കാത്ത ശ്രേഷ്ഠരായ സഹാബികള്‍ വേറെയുമുണ്ട്. നാലു ഖലീഫമാരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ എന്ന ഗ്രന്ഥം സുവറുന്‍ മിന്‍ ഹയാതി സ്സ്വഹാബിയ്യാത്ത്, സുവറുന്‍ മിന്‍ ഹയാതിത്താബിഈന്‍ തുടങ്ങിയ ഗ്രന്ഥകാരന്റെ മറ്റു പുസ്തകങ്ങളെ പോലെ പഠിക്കുന്ന കാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു ഗ്രന്ഥമാണ്. കക്കാട് മുഹമ്മദ് ഫൈസിയാണ് ഈ ഗ്രന്ഥത്തെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തിയത്. ഗള്‍ഫിലെ പല മദ്രസ്സകളില്‍ ഈ ഗ്രന്ഥങ്ങളിലെ അധ്യായങ്ങള്‍ പാഠ ഭാഗങ്ങളാണ്. സിറിയന്‍ പണ്ഡിതനായ അബ്ദു റഹ്മാന്‍ പാഷ ആദ്യം ഡമാസ്കസ് സര്‍വ്വകലാശാലയിലും പിന്നീട് സ ഊദിയിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂനിവേര്‍സിറ്റിയിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. 1986-ല്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മകനുമായി ഫൈസിക്ക് നല്ല ബന്ധമുണ്ടായിരുന്നു.
എന്റെ ഈ ഗ്രന്ഥ രചനക്കും ബഹു. കക്കാട് ഫൈസിയുമായി ഒരു ബന്ധമുണ്ട്. 2001-ല്‍ ഞാന്‍ റിയാദില്‍ നിന്നും തിരിച്ചു വന്ന് മര്‍ക്കസ് ആര്‍ട്സ് കോളേജില്‍ ജോലി ചെയ്യുമ്പോള്‍ കക്കാട് ഫൈസി അദ്ദേഹത്തിന്റെ ഒരു പ്രൊജക്‌ടിന് സഹായിയായി എന്നെ ക്ഷണിച്ചു. നബിതങ്ങളെ കുറിച്ച് സമഗ്രമായ ഒരു പുസ്തകമെഴുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിന്നീട് എന്റെ സഹായം അദ്ദേഹത്തിന് ആവശ്യം വന്നിരുന്നില്ല. ആ സമയത്ത് എനിക്ക് കുറച്ച് ഒഴിവു സമയങ്ങള്‍ കിട്ടിയിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന നേരത്തെ പറഞ്ഞ ഗ്രന്ഥത്തില്‍ നിന്ന് തിരഞ്ഞെടുത്ത് അങ്ങിനെ പത്തു സഹാബികളുടെ ചരിത്രം മലയാളത്തില്‍ എഴുതുകയായിരുന്നു. പിന്നീടത് പൂങ്കാവനം ബുക്സിന് കൊടുത്തു. ഇന്നും അവരുടെ പക്കല്‍ അതിന്റെ പുതിയ പതിപ്പുണ്ട്. എനിക്ക് വീണ്ടും എഡിറ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതൊക്കെയാണ് ഈ പുസ്തകത്തിന്റെ പിന്നാമ്പുറ ചരിത്രം.


