0%
Still working...

മഴമേഘങ്ങള്‍

“മഴമേഘങ്ങളില്‍ മിന്നലെറിയുമ്പോള്‍” എന്നത് ഇമാറാതി സ്വദേശി ഉബൈദ് അല്‍ ജറൈശിയുടെ ബര്‍ഖുല്‍ മുസൂന്‍ എന്ന മുഴുനീള അറബിക് നോവലിന്റെ മലയാള പരിഭാഷയാണ്. 2019 ഷാര്‍ജാ ബുക് ഫെയറില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഒരു വര്‍ഷമെടുത്തു ഇതു പരിഭാഷപ്പെടുത്താന്‍. ഞാന്‍ ഏറ്റവും വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ നിര്‍ബന്ധിതനായ ഗ്രന്ഥവുമാണിത്. സ്വസ്ഥമായി ഇരുന്നു മൊഴിമാറ്റാന്‍ നല്ല ഒരിടം കിട്ടാതെ ഞാന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. വീട്, ഓഫീസ്, പബ്ലിക് ലൈബ്രറി, മാളുകള്‍, പള്ളികള്‍ എന്നിവടങ്ങളിലെല്ലാം വെച്ച് ഏറെ കഷ്ടപ്പെട്ടാണ് ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊടുത്തത്. മാന്യമായ ഒരു പ്രതിഫലവും എനിക്കു ലഭിച്ചു. പ്രകാശനത്തോടനുബന്ധിച്ച് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം:

മഴമേഘങ്ങളില്‍ മിന്നെറിയുമ്പോള്‍
ഉബൈദ് മുഹമ്മദ് അല്‍ ജറൈശി
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.


യു.ഏ.ഇ നോവലിസ്റ്റ് ഉബൈദ് മുഹമ്മദ് അല്‍ ജറൈശിയുടെ ആദ്യ നോവലായ ബര്‍ഖുല്‍ മുസൂനിന്റെ മലയാള മൊഴിമാറ്റമാണ് ‘മഴ മേഘങ്ങളില്‍ മിന്നെറിയുമ്പോള്‍’ എന്ന കൃതി.
ഇപ്പോള്‍ തലസ്ഥാന നഗരിയായ അബൂദാബിയില്‍ സ്ഥിരതാമസമാക്കിയ ഗ്രന്ഥകാരന്റെ അടിവേരുകള്‍ പടര്‍ന്നു കിടക്കുന്നത് ഷാര്‍ജ എമിറേറ്റ്സിലാണ്. കുടുംബ ബന്ധങ്ങളെയും പൈതൃകങ്ങളെയും അതിരറ്റു സ്നേഹിക്കുന്ന ജറൈശി സ്വദേശത്തും വിദേശത്തുമുള്ള പ്രശസ്തമായ കലാലയങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടുകയും ലോക ക്ലാസിക്ക് സാഹിത്യങ്ങളുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ നാലു വര്‍ഷത്തെ പഠനത്തിനൊടുവില്‍ 1998-ല്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും തര്‍ജ്ജമയിലും ഡിഗ്രി സമ്പാദിച്ചു. 2009-ല്‍ അബൂദാബിയിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാര്‍ക്കറ്റിംഗ് മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദം നേടി.
മൂന്ന് അധ്യായങ്ങളും ഏതാനും ഉപശീര്‍ഷകങ്ങളുമുള്ള ഈ നോവല്‍ ഹൃദ്യമായ ഗദ്യകവിത കണക്കെ ആസ്വദിച്ചു വായിക്കാന്‍ കഴിയുന്ന മനോഹരമായൊരു സൃഷ്ടിയാണ്. നോവല്‍ എന്നതിനപ്പുറം ഇത് ആത്മ കഥാ സ്പര്‍ശമുള്ള അനുഭവങ്ങളുടെ സങ്കലനമാണ്. അതിജീവനത്തിനുള്ള പെടാപാടുകള്‍, തൊഴിലന്വേഷണത്തിന്റെ പാതയിലെ ദുരനുഭവങ്ങള്‍, പ്രതീക്ഷകള്‍ ഒന്നൊന്നായി തകര്‍ന്നടിയുമ്പോഴുണ്ടാകുന്ന ആത്മ സംഘര്‍ഷങ്ങള്‍, അവകള്‍ക്കൊക്കെയിടയിലും കുളിര്‍ മഴ കണക്കെ ആശ്വാസം തരുന്ന സര്‍ഗ്ഗപരീക്ഷണങ്ങള്‍, സൂക്‌ഷ്മമായ പ്രകൃതി വര്‍ണ്ണനകള്‍, ഗാഢമായ കുടുംബ ബന്ധങള്‍, ആത്മാര്‍ത്ഥതയോടെ നിര്‍‌വ്വഹിക്കപ്പെടുന്ന ഉത്തരാവാദിത്വങ്ങള്‍, നിറങ്ങളോടുള്ള അഭിനിവേഷത്താല്‍ വിഭ്രമിപ്പിക്കുന്ന സൗന്ദര്യ സങ്കല്പങ്ങള്‍, മഴയോടും മരുഭൂമിയോടുമുള്ള പ്രണയങ്ങളാല്‍ ആവേശഭരിതമാകുന്ന നാടോര്‍മ്മകള്‍ തുടങ്ങിയവയെല്ലാം ഈ നോവലില്‍ അതിസമര്‍ത്ഥമായി അടുക്കി വെച്ചിട്ടുണ്ട്.
ഇതിലെ നായകന്റെ ജീവിതം ഗ്രന്ഥകാരന്റെ ജീവിതവുമായി ഇഴപിരിയാന്‍ കഴിയാത്ത വിധം ഒട്ടി നില്‍ക്കുന്നുണ്ട്. പളപളപ്പുകള്‍ക്കുമപ്പുറം മറഞ്ഞു കിടക്കുന്ന അറേബ്യന്‍ യുവാക്കളുടെ ജീവിതം അതിജീവനത്തിനു വേണ്ടി പാടുപെടുന്ന മറ്റേതു ജനവിഭാഗങ്ങളില്‍ നിന്നും ഒട്ടും വിഭിന്നമല്ലെന്ന് ഇതു വായിക്കുമ്പോള്‍ നമുക്കു ബോധ്യപ്പെടും.

കഥാ തന്തുവിലേക്കുള്ള സൂചനകള്‍ ‘ആരംഭത്തിലെ അസ്‌കിതങ്ങള്‍ എന്ന ആമുഖത്തില്‍ തന്നെ ഇങ്ങനെ സൂചിപ്പിക്കുന്നു:
എന്റെ ആദ്യത്തെ കൃതിയായ മഴക്കാടുകള്‍ (രിയാളുല്‍ മത്വര്‍) എന്ന ഗ്രന്ഥത്തിന്റെ രചനയോടനുബന്ധിച്ചുണ്ടായ ആത്മകഥാപരമായ ചില സംഭവങ്ങളെ ആവിഷ്കരിക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ….. അച്ചടി മുതല്‍ പ്രസാധനം വരേയുള്ള ലക്ഷ്യം സാക്ഷാത്കരിക്കാനായി, ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന പ്രയാസങ്ങളുടെയും നേരിട്ട വെല്ലുവിളികളുടെയും നിരവധി ഘട്ടങ്ങളെ ഈ പുസ്തകത്തില്‍ തുറന്നു കാട്ടുന്നുണ്ട്. ഈ നോവലിന്റെ ചില അധ്യായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതൊരു കാല്പനിക സൃഷ്ടിയാണോ എന്നു സംശയിച്ചേക്കാം. എന്നാല്‍ ബുദ്ധിയുമായി സം‌വദിക്കുമ്പോള്‍ പച്ചയായ അനുഭവങ്ങളിലൂടെ വാര്‍ത്തെടുത്ത മനുഷ്യപ്പറ്റുള്ള സംഭവങ്ങളേ ഇതിലുള്ളൂ എന്ന സത്യം ആര്‍ക്കും ബോധ്യപ്പെടും. …. വേദനാജനകമായ ചില നേരുകളില്‍ നിന്നുള്ള ഒളിച്ചോട്ടവും ഇതില്‍ ദര്‍ശിക്കാം. ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍ പല്ലും നഖവും നീട്ടി എന്നെ ചുറ്റിലും വലയം ചെയ്യുമ്പോള്‍ എനിക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വരുന്നു.