ബാനത് സുആദ: എന്ന പ്രവാചക പ്രകീര്‍ത്തന കാവ്യത്തോട് പണ്ടേ ഒരു മുഹബ്ബത്തുണ്ടായിരുന്നു. അതിനു കാരണങ്ങളില്‍ ചിലത് ഇതൊക്കെയാണ്:
- അത് ആദ്യത്തെ ബുര്‍ദയാണ്,
- രചിച്ചത് മുഹള്‌റമീ കവിയായ സ്വഹാബിയാണ്,
- തിരുനബിയുടെ മുമ്പില്‍ വെച്ച് പാരായണം ചെയ്ത കവിതയാണ്,
- അവിടുത്തെ അംഗവസ്ത്രം സമ്മാനമായി ലഭിച്ചതു നിമിത്തം ആദ്യത്തെ ബുര്‍ദയായി അറിയപ്പെടുന്ന കാവ്യമാണ്…
- അതിന്റെ ഘടനയും ഭാഷയും അതിമനോഹരമാണ്… അങ്ങനെ പലതു കൊണ്ടും കഅബ് ബിന്‍ സുഹൈറിന്റെ(റ) ബാനത് സുആദു എന്നു തുടങ്ങുന്ന കാവ്യം വേറിട്ടു നില്‍ക്കുന്നു.
ചില കേരളീയ അറബി വ്യാഖ്യാനങ്ങള്‍ക്കു പുറമേ ബാനത് സുആദയ്ക്ക് ഏതാനും കൊച്ചു മലയാള പരിഭാഷകളും പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2006-ല്‍ മര്‍കസ് ശരീഅത്ത് കോളേജ് സ്റ്റുഡന്റ് യൂനിയന്‍ പ്രതിനിധി മി. ലുഖ്മാന്‍ കരുവാരക്കുണ്ട് ഇഹ്‌യാസ്സുന്ന നബിദിനപ്പതിപ്പിലേക്ക് ഒരു ലേഖനം വേണമെന്ന് ആവശ്യപ്പെടുന്നത്. ബാനത് സുആദയാണു വിഷയം. അപ്പോള്‍ മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബുര്‍ദയുടെ ചുവടു പിടിച്ച് അറബിയിലും മലയാളത്തിലുമുള്ള വ്യാഖ്യാനങ്ങള്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് മലയാളവും അറബിയും വെവ്വേറെ പുസ്തകങ്ങളാക്കുകയാണു നല്ലതെന്നു തോന്നി. അങ്ങനെ രണ്ടു പുസ്തകങ്ങളും ഉണ്ടായി. എന്റെ ആദ്യത്തെ അറബി ഗ്രന്ഥവും സാക്ഷാത്കരിച്ചു. ദുബായിലെ Mohammed bin Rashid Library – ലെ കാറ്റലോഗില്‍ എന്റെ ഈ അറബി വ്യാഖ്യാനവും ഇടം പിടിച്ചിട്ടുണ്ട്. പാലസ്തീനിലെ റാമല്ലയിലുള്ള പ്രസിദ്ധ അറബി കവി മുഹമ്മദ് ശുറൈം () എന്റെ അറബി വ്യാഖ്യാനത്തിന് ആശംസ എഴുതിത്തന്നിരുന്നു. ഇന്ത്യന്‍ വേരുകളുള്ള കലീല വദിംന എന്ന കഥാ സമാഹാരത്തിന്റെ കാവ്യാവിഷ്കാരം നടത്തിയ പ്രതിഭയാണ് മുഹമ്മദ് ശുറൈം. അദ്ദേഹം എന്റെ ഫെയ്സ് ബുക്ക് ഫ്രണ്ടുമാണ്.
